കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ പിന്തുണച്ചെന്നും കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് ഇപ്പോള്‍ പൊട്ടിച്ചെറിഞ്ഞതെന്നും മോദി പറഞ്ഞു.

കശ്മീര്‍ ഭരിച്ചവരുടെ ചിന്താഗതി, അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു. യുവാക്കള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ച് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. എന്നാല്‍, 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്, മോദി വ്യക്തമാക്കി.

കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എതിര്‍ത്തവരെ ഒരു നിമിഷം ശ്രദ്ധിച്ചാല്‍, അവര്‍ പതിവ് തല്‍പരകക്ഷികളും രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ആഗ്രഹിക്കുന്നവരും ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവരും പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവരരമാണ്. സര്‍ക്കാര്‍ ജമ്മു-കശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ഒറ്റക്കെട്ടായിട്ടാണ് പിന്തുണച്ചത്. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ല. ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു 370-ാം അനുച്ഛേദം. ഇപ്പോള്‍ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു. ഇനി ജമ്മു കശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അനുസരിച്ച് അവിടെ വികസനങ്ങള്‍ ഉണ്ടാവും, മോദി പറഞ്ഞു.