ഗോഡ്‌സേയുടെ പിൻഗാമികൾ എന്നെയും കൊലപ്പെടുത്തുമെന്ന് അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: നാഥൂറാം ഗോഡ്‌സേയുടെ പിൻഗാമികൾ എന്നെയും കൊലപ്പെടുത്തുമെന്ന് ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞിതിനെതിരെ ശബ്ദമുയർത്തുന്ന തന്നെ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ കൊന്നേക്കാമെന്ന് ഉവൈസി പറഞ്ഞു. ‘അവർ കശ്മീരിനെ സ്‌നേഹിക്കുന്നു, കശ്മീരികളെയല്ല. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. നീതിയും ന്യായവുമല്ല. ആർട്ടിക്കിൾ 19 അവിടെ ബാധകമല്ലേ? ഇത് അടിയന്തരാവസ്ഥയാണോ? ബി.ജെ.പിയെ പിന്തുണക്കുന്നവർക്കൊക്കെ ഇന്റർനെറ്റും ഹെലികോപ്ടറുമുണ്ട്. 80 ലക്ഷത്തോളെ ജനങ്ങളെ ടെലഫോൺ സംഭാഷണം നടത്താൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ഈ സർക്കാർ ഭരണഘടന മറന്നിരിക്കുന്നു.’-ഉവൈസി പറഞ്ഞു.

പാകിസ്താനെ സഹായിക്കാൻ അഭ്യൂഹങ്ങൾ പറഞ്ഞുപരത്തുകയാണ് താനെന്ന ആരോപണത്തോട് ഉവൈസിയുടെ പ്രതികരണം ഇങ്ങനെ-‘ ഒരു ദിവസം ഞാൻ കൊല്ലപ്പെടുമെന്ന് വിശ്വസിക്കുന്നു. ഗോഡ്‌സേയുടെ പിൻഗാമികൾ അത് ചെയ്യും. മഹാത്മാ ഗാന്ധിയെ വെടിവച്ചിട്ടതുപോലെ അവർ എന്നെയും വെടിവച്ച് കൊല്ലും. പാകിസ്താനുമായി എനിക്ക് ഒന്നും ചെയ്യാനില്ല.’ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണ്. കശ്മീരിൽ അറസ്സ്റ്റ് ചെയ്തവരെ വിട്ടയക്കണം. ജനസംഖ്യാ ശാസ്ത്രം മാറ്റാനുള്ള തന്ത്രമാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നിലെ കാരണം. കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റുക, മുസ്ലിം ഇതര മുഖ്യമന്ത്രിയെ ബിജെപിയിൽ നിന്ന് മാത്രം ഉൾപ്പെടുത്തുക എന്നിവയാണ് ആശയം. അതുകൊണ്ടാണ് സംസ്ഥാനത്തെ വിഭജിച്ചത്.

കശ്മീരിനെപ്പോലെ നാഗാലൻഡ്, മിസോറാം, മണിപ്പൂർ, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയും വൈകാതെ കേന്ദ്രം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ഒരു എം.പിയാണ്. പക്ഷേ എനിക്ക് അരുണാചൽപ്രദേശിലേക്കും ലക്ഷദ്വീപിലേക്കും പോകാൻ സാധിക്കുമോ? അതിന് ഞാൻ അനുമതി വാങ്ങണം. അസമിലെ ചില പ്രദേശങ്ങളിൽ എനിക്ക് ഭൂമി വാങ്ങാൻ സാധിക്കില്ല. നാഗാലൻഡ്, മിസോറാം, മണിപ്പൂർ, അസം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളോടാണ് ഞാൻ പറയുന്നത്. വൈകാതെ നിങ്ങളുടെ പ്രത്യേക പദവിയും നഷ്ടപ്പെടും.’-അദ്ദേഹം പറഞ്ഞു.