പരാജയപ്പെട്ട എ.ടി.എം ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കരുതെന്ന് റിസർവ് ബാങ്ക്

മുംബൈ:സാങ്കേതികവും മറ്റു വ്യക്തമായ കാരണങ്ങളാലും തടസപ്പെടുന്ന എ.ടി.എം ഇടപാടിനെ പ്രതിമാസത്തെ അഞ്ച് സൗജന്യ എ.ടി.എം ഇടപാടുകളിൽ ഉൾപ്പെടുത്തില്ല.സാധാരണയായി ഒരുമാസം അഞ്ച് സൗജന്യ എ.ടി.എം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അധികമായി എ.ടി.എം ഇടപാട് നടത്തിയാൽ ബാങ്കുകൾ അതിന് ചാർജ് ഈടാക്കും. എന്നാൽ എ.ടി.എമ്മുകളുടെ സാങ്കേതിക പ്രശ്‌നം കാരണം പലപ്പോഴും ഇടപാടുകളിൽ തടസം വരാറുണ്ട്. ഇത്തരം ഇടപാടുകളെ സൗജന്യ എ.ടി.എം ഇടപാടുകളിൽ ഉൾപ്പെടുത്തില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുന്ന ഇടപാടുകൾ, എ.ടി.എമ്മുകളിൽ കറൻസി ലഭ്യമല്ലാത്തത് തുടങ്ങിയവയ്ക്ക് ചാർജ് ഈടാക്കാനാവില്ലെന്നും ഇവയെ അഞ്ച് സൗജന്യ എ.ടി.എം ഇടപാടിൽ ഉൾപ്പെടുത്തില്ലെന്നും ഹാർഡ് വെയർ, സോഫ്റ്റ് വെയർ, ആശയവിനിമയ പ്രശ്‌നങ്ങൾ, എ.ടിഎമ്മിൽ കറൻസി നോട്ടുകൾ ലഭ്യമല്ലാത്തത്, ബാങ്കിന്റെ ഭാഗത്തുനിന്നും വരുന്ന വീഴ്ചകൾ മൂലം വരുന്ന തടസം, അസാധുവായ പിൻനമ്പർ എന്നിവയെ എ.ടി.എം ഇടപാടായി കണക്കാക്കാൻ ആവില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. പരാജയപ്പെടുന്ന ഇത്തരം ഇടപാടുകൾക്ക് യാതൊരു ചാർജും ഈടാക്കില്ലെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ബാലൻസ് അന്വേഷണം, ചെക്ക് ബുക്ക് അഭ്യർത്ഥന, ടാക്‌സ് അടയ്ക്കൽ, ഫണ്ട് കൈമാറ്റം തുടങ്ങിയ പണ രഹിത ഇടപാടുകൾ എന്നിവയും സൗജന്യ എ.ടി.എം ഇടപാടിൽ ഉൾപ്പെടുത്താൻ ആവില്ല. അതിനാൽ ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് മാസത്തിലെ അഞ്ചു സൗജന്യ ഇടപാടിൽ നഷ്ടം വരുമെന്ന ഭയം വേണ്ട. പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, നഗര സഹകരണ ബാങ്കുകൾ,ജില്ലാ സഹകരണ ബാങ്കുകൾ, ചെറുകിട വാണിജ്യ ബാങ്കുകൾ തുടങ്ങിയ എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഉത്തരവ് ബാധകമാണ്.