ഇനി കണ്ടെത്താനുള്ളത് 33 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും.

ഉരുള്‍പൊട്ടി 30ലധികം വീടുകള്‍ നശിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഓരോ തട്ടുകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുത്തപ്പന്‍ കുന്നിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

പ്രദേശത്തിന്റെഭൂഘടന മാറിയത് രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇവിടെ ചെറു തോടുമുണ്ടായിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച്തിരച്ചില്‍ നടത്തുമ്പോള്‍ തോട്ടില്‍ നിന്ന് ജലപ്രവാഹമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. ഉറ്റവരെ തിരിഞ്ഞ് നിരവധി പേര്‍ കവളപ്പാറയില്‍ തമ്പടിച്ചിട്ടുണ്ട്.

കവളപ്പാറയില്‍ ജനങ്ങള്‍ താമസിച്ച പോലെ മറ്റൊരു പ്രദേശത്തേക്ക് ജനങ്ങളെ മാറ്റി താമസിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.

അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടര്‍ച്ചയായ നാല് ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. മണ്ണിനടിയില്‍ പെട്ടവരെ കാണാന്‍ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയാണ് തെരച്ചില്‍ നടത്തുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ