മുത്തലാഖും കശ്മീരും കഴിഞ്ഞു; അടുത്തത് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: മോദി

ന്യൂഡൽഹി: ബി.ജെ.പിയുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ജമ്മു-കശ്മീർ പ്രത്യേക പദവി റദ്ദാക്കലും മുത്തലാഖ് നിരോധനവും ഇതോടെ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന തീരുമാനം നടപ്പിലാക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ 73-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘ഒരു രാജ്യം, ഒരു നികുതി എന്ന ആശയത്തിന് ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ സാക്ഷാത്കാരമായി. രാജ്യത്തെ ഊർജ്ജ മേഖല മുഴുവൻ ഏകീകരിച്ചു.ഒരു രാജ്യം, ഒരു മൊബിലിറ്റ് കാർഡിനുള്ള സജ്ജീകരണങ്ങൾ ചെയ്തു കഴിഞ്ഞു. ഇനി അടുത്തതായി ഇന്ത്യ നടപ്പിലാക്കേണ്ടത് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണ്. ഇതിനുള്ള ചർച്ചകൾ ജനാധിപത്യപരമായി നടക്കണം. ഞങ്ങൾ വ്യത്യസ്തമായി ചിന്തിക്കുന്നു. രാഷ്ട്രീയ ഭാവിയല്ല, ഇന്ത്യയുടെ ഭാവിയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. രാഷ്ട്രീയം വരും, പോകും. പക്ഷേ, രാജ്യത്തിന്റെ താൽപര്യത്തിനുവേണ്ടിയുള്ള നടപടികൾ പ്രധാനമാണ്.’-മോദി പറഞ്ഞു.

ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ മോദി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള പാർലമെന്റ് സമ്മേളനത്തിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദും ഇക്കാര്യം പറഞ്ഞിരുന്നു. നേരത്തേയും നിരവധി പ്രമുഖ ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ സമയവും പണവും ലാഭിക്കുമെന്നായിരുന്നു അവരുടെ ന്യായീകരണം. അതേസമയം, മൂന്ന് സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവിയെ(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി ഡി എസ്) നിയമിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണ്. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ, ഞാൻ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതൽ ചീഫ് ഓഫ് ഡിഫൻസ് ഉണ്ടാകും.ഇത് സേനകളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തിൽ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ ഇനി രാജ്യത്തുണ്ടാകും.ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ സർദാർ വല്ലാഭായ് പട്ടേലിന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്ല് നടപ്പിലാക്കിയതിലൂടെ ഞങ്ങൾ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കി. ഈ സർക്കാർ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെൻഷനുകൾ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു. ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമർഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികൾ അനീതികൾക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാൻ ഞങ്ങൾ പദ്ധതികൾ തയ്യാറാക്കുന്നു. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ സർക്കാർ പ്രവർത്തിക്കുന്നു. അടുത്ത അഞ്ചുവർഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഞങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ