കശ്മീരില്‍ ആണവായുധ ഭീഷണി ഉയര്‍ത്തി പാകിസ്താന്‍

ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ, ആണവായുധ ഭീഷണി ഉയര്‍ത്തി പാകിസ്താന്‍. കശ്മീര്‍ ആണവ പോയിന്റിന് ഉള്ളിലാണ് എന്നായിരുന്നു പാകിസ്താന്റെ ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ പ്രസ്താവന. ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നേക്കാം എന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. ‘കശ്മീര്‍ തര്‍ക്കം ദീര്‍ഘനാളായുള്ള പോരാട്ടമാണ്. കശ്മീര്‍ തീര്‍ച്ചയായും ന്യൂക്ലിയല്‍ ഫ്‌ളാഷ് പോയിന്റിനുള്ളിലാണ്. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള അനര്‍ത്ഥം ചെയ്താല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സന്നദ്ധമാണ്. ഇന്ത്യയുടെ തീരുമാനത്തിന് കശ്മീരില്‍ നിന്ന് പ്രതികരണം ഉടന്‍ വരുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ അതിനും സജ്ജമാണ്’ – പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മദൂക് ഖുറേഷിക്കൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

പാക് വിദേശകാര്യാലയത്തില്‍ കശ്മീരിനു വേണ്ടി മാത്രമായി സെല്‍ രൂപീകരിക്കുമെന്ന് ഖുറേഷി പറഞ്ഞു. ലോകത്തുള്ള എല്ലാ പാക് എംബസികളും ഇതിന്റെ ഉപകാര്യാലയങ്ങള്‍ ഉണ്ടാകും. പാകിസ്താന്റെ നിലപാടിനോട് അനുകൂലമായാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനും (ഒ.ഐ.സി) യു.എന്‍ രക്ഷാ സമിതിയും പ്രതികരിച്ചിട്ടുള്ളത്. കശ്മീരിലെ നിരോധനാജ്ഞ അടിയന്തരമായി ഒഴിവാക്കാന്‍ ഒ.ഐ.സി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്- ഖുറേഷി വ്യക്തമാക്കി. അതിനിടെ, അമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി വെള്ളിയാഴ്ച യു.എന്‍ രക്ഷാസമിതി കശ്മീരിനു വേണ്ടി മാത്രം യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം സമിതി പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ലെങ്കിലും ചൈന പാകിസ്താനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ് തുടങ്ങി 15 രാഷ്ട്രങ്ങളാണ് പങ്കെടുത്തത്. അടച്ചിട്ട മുറിയിലെ ചര്‍ച്ചയായതിനാല്‍ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തില്ല. വിവരങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും. തുറന്ന ചര്‍ച്ച വേണമെന്നായിരുന്നു പാകിസ്താന്റെ നിലപാട്.