പള്ളി പോസ്റ്റുമോര്‍ട്ടത്തിനു നല്‍കി; ജുമുഅ നമസ്കാരം നടത്തിയത് ബസ്റ്റാന്‍റില്‍

നിലമ്പൂർ: ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥന നടന്ന് തെരുവിൽ. ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പോത്തുകല്ല് മഹല്ല് കമ്മിറ്റി പള്ളിയിലെ നമസ്കാരം നടക്കുന്ന ഹാളും അതിനോടു ചേർന്നുള്ള കൈകാലുകൾ കഴുകുന്ന സ്ഥലവും വിട്ടു കൊടുത്തിരുന്നു. ഇതോടെ ഇന്നലെ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനയും നമസ്‌കാരവും ബസ്റ്റാന്റിൽ നടത്തി.നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണ്ണമാവുന്നതെന്ന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ഇമാം പറഞ്ഞു.

പോസ്റ്റ്‌മോർട്ടം സൗകര്യമുള്ള നിലമ്പൂർ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റർ ദൂരത്താണെന്നുള്ളത് പോസ്റ്റ്‌മോർട്ടം നടപടികൾ വൈകുന്നതിന് കാരണമായതിനെ തുടർന്നാണ് പള്ളിയുടെ നിസ്‌കാര ഹാൾ കമ്മിറ്റിക്കാർ തുറന്നുകൊടുത്തത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരത്തുള്ള നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായിരുന്നു. എന്നാൽ പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചപ്പോൾ അവർ സമ്മതം നൽകുകയും പോസ്റ്റ്‌മോർട്ടത്തിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുകയായിരുന്നു.