ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്.

വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണതയേറിയ ഭാഗമാണ് ഇന്നു നടന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18078 കിലോമീറ്റര്‍ ഏറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവേശിക്കുക. സെപ്റ്റംബര്‍ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.

സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനാണ് ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക. പുലര്‍ച്ചെ 1:30നും 2.30നും ഇടയില്‍ ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.

ജൂലൈ 22നായിരുന്നു ചന്ദ്രയാന്‍-2 പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നു