മുത്തുകൾ (നൊസ്റ്റാൾജിയ )

ഡോ.എസ്‌. രമ

മുത്തുച്ചിപ്പി എന്നും
കടലിന്റെ അഗാധതയിൽ
തപസ്സു ചെയ്തു…
മനോഹരമായ മുത്തുകൾ നിറച്ച..
ഒരിക്കലും തുറക്കാതെ പോയ
ഒരു ചിപ്പി….
കട്ടിയുള്ള പുറന്തോടിൽ നിന്നും
ഒരിക്കലും പുറത്തു വരാതെ
പോയ മുത്തുകൾ..

ചിലപ്പോഴെങ്കിലും
തിരമാലയോടു ചേർന്ന്
തീരങ്ങൾ തേടി പോയ ചിപ്പിയൊരു
മുക്കുവനെ തേടി..
അവസാനമില്ലാത്തൊരു
കാത്തിരിപ്പിനൊടുവിലെപ്പോഴോ
അഭികാമ്യമായോരഗാധതകളിലേക്ക്
വീണ്ടും തിരികെ പോയി….

മറ്റാർക്കും സ്വന്തമാക്കാനാകാത്ത
മുത്തുകളാ പുറന്തോടിനകത്ത്
അപ്പോഴും സുരക്ഷിതമായിരുന്നു…
ചിപ്പി തേടിയ മുക്കുവനൊരിക്കലറിഞ്ഞു…..
അയാൾക്ക് വേണ്ടി മാത്രം
സൂക്ഷിച്ച മുത്തുകളെ…

ഒരിക്കൽ പോലും അയാളാ
ചിപ്പി തേടി പോയില്ല…
തുറന്നു മുത്തുകൾ പെറുക്കിയില്ല..
വില പേശി ലാഭം കൊയ്തില്ല…
കാരണം അയാളറിഞ്ഞു
ആ മുത്തുകൾ അയാളുടെ മാത്രമെന്ന്…
വില പേശാൻ അയാളാഗ്രഹിക്കാത്ത മുത്തുകൾ…

അതൊരു പറയാതെ പോയ
പ്രണയമായിരുന്നു…
അറിയാതെ പോയ പ്രണയം…
മുക്കുവന്റെ പ്രണയമറിയാതെ..
ചിപ്പി ചെളിയിലേക്കാണ്ടു പോയി…