വിശ്വാസികള്‍ക്കൊപ്പമെന്ന സിപിഎം നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം: വിശ്വാസികള്‍ക്കൊപ്പമെന്ന സിപിഎം നിലപാടിനെ ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായ ഭിന്നത. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരുമിച്ചു പോകില്ലെന്നാണ് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

വിശ്വാസികളൊടൊപ്പമെന്ന സിപിഎമ്മിന്റെ നിലപാട് ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്. സിപിഎമ്മിന്റെ തീരുമാനം സമിതിയുടെ തുടര്‍ പ്രവര്‍ത്തനത്തെ ആശങ്കയിലാക്കുന്നതാണ്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തേണ്ടതാണ്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലര്‍ത്തുന്ന ചേരികള്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും, പുന്നല ശ്രീകുമാര്‍ പറഞ്ഞു.

അതേസമയം, പുന്നലയുടെ പ്രസ്ഥാവന തെറ്റിദ്ധാരണ കൊണ്ടെന്നും സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും പുന്നലയുടെ തെറ്റിദ്ധാരണ മാറ്റാന്‍ നടപടിയുണ്ടാകുമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎമ്മിന്റെ നിലപാടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.