കൂലിക്കാർ യജമാനന്മാരാകുന്ന അത്ഭുത പ്രതിഭാസം

സിറോ മലബാർ സഭയുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം മെത്രാൻ സമ്മതിക്കാണെന്നും അല്മായരുടെ അനുവാദം കൂടാതെ തന്നെ അത് നടത്തിപ്പിനും ക്രയവിക്രയം ചെയ്യാനുമുള്ള അധികാരം മെത്രാൻ സമതിക്കുണ്ടെന്നും കഴിഞ്ഞ മാസം അതിരൂപതാ അധ്യക്ഷൻ മാർ ആലഞ്ചേരി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു…

സാധാരണ യാക്കോബിറ്റ്, ഓർത്തഡോക്സ്, മാർത്തോമാ സഭകളുടെ പള്ളികളും അതിനോടനുബന്ധിച്ചുള്ള സ്വത്ത് വകകളും അതാത് ഇടവക അംഗങ്ങളുടെ പേരിലും അവരുൾപ്പെടുന്ന കമ്മറ്റിയുടെ പേരിലുമാണെന്നാണ് എന്റെ പരിമിതമായ അറിവ്.. ( അല്ലങ്കിൽ തിരുത്താം )
ഒരു ഇടവക വികാരിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള അധികാരം വരെ മേൽപ്പറഞ്ഞ സഭകളിലെ
ഇടവകാങ്ങങ്ങൾക്കുണ്ട്..
അല്മായരിൽ നിന്നും ശമ്പളം കൈപറ്റിക്കൊണ്ട് അവരുടെ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു പുരോഹിതൻ മാത്രമാണ് മേൽപ്പറഞ്ഞ സഭകൾക്ക് അച്ചന്മാർ എന്നർത്ഥം..
അവരുടെ സ്വത്തുവകകൾ അല്മായരുടെ അനുവാദമില്ലാതെ ക്രയവിക്രയം ചെയ്യുക സാധ്യമല്ല..
എന്നാൽ സിറോ മലബാർ സഭയിലെ പള്ളികളുടെയും അതിനോടനുബന്ധിച്ച സ്വത്തുക്കളുടെയും പരമാധികാരി മെത്രാന്മാരും മെത്രാൻ സമതിയുമാണ്..
കഷ്ടപ്പെട്ടും പിരിവിട്ടും ഉണ്ടാക്കിയ പള്ളികളുടെയും അതിനോടനുബന്ധിച്ച സ്വത്തുവകകളുടെയും യഥാർത്ഥ അവകാശികളായ അല്മായർ ഇവിടെ വെറും കാഴ്ച്ചക്കാർ മാത്രമാണ്..

അല്മായരുടെ കയ്യിൽ നിന്നും മാസ ശമ്പളം കൈപ്പറ്റുന്ന കൂലിക്കാരായ പുരോഹിതർ എങ്ങനെ തങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥരായി എന്നത് ഗവേഷണം നടത്തേണ്ട വിഷയം തന്നെയാണ്..
സിറോ മലബാർ സഭയുടെ കീഴിലുള്ള അങ്കമാലി അതിരൂപതയുടെ കടം വീട്ടാന്‍ രൂപതാ മെത്രാൻ മാർ ആലഞ്ചേരി ഭാരത് മാതാ കോളേജിന് സമീപത്തെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് വില്‍പ്പന നടത്തിയത് എന്നതൊക്കെയാണ് ഈ വിവാദങ്ങൾക്കെല്ലാം തുടക്കമായത്..

വൈകിയാണെങ്കിലും അല്മായർക്ക് തിരിച്ചറിവ് ഉണ്ടാകുകയും അവർ പ്രതിക്ഷേധവുമായി രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്…
വത്തിക്കാന്റെ പേര് പറഞ്ഞും വത്തിക്കാന്റെ നിയമം അനുസരിച്ചുമാണ് ഈ സ്വത്തുവകകൾ മെത്രാൻ സമതി കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നതാണ് ഏറെ രസകരം..
വിശ്വാസികളെ വഞ്ചിക്കാന്‍ സഭയിലെ വിശ്വാസികള്‍ അനുവദിക്കില്ലെന്നാണ് ഇപ്പോൾ അല്മായർ പറയുന്നത്..
അതിന്റെ ഭാഗമായി അടിയന്തിര സിനഡ് നടക്കുന്ന മൗണ്ട് സെന്റ് തോമസിന് മുന്നില്‍ കുടില്‍കെട്ടി സമരവും പ്രാർത്ഥനാ സമരവും ഒക്കെ അല്മായർ നടത്തുന്നുണ്ട്..

പക്ഷെ പ്രതിക്ഷേധിക്കുന്ന ആല്മായരുടെ ആവശ്യങ്ങൾ ഏറെ രസകരവും ഈ പ്രശ്നങ്ങൾക്ക് ശ്വാശതമായ ഒരു പരിഹാരം കാണാൻ ഉതകുന്നതുമാണ് എന്ന് എനിക്ക് തോന്നുന്നില്ല..
കാരണം അവരുടെ ആവശ്യങ്ങൾ പിരിച്ചു വിടപ്പെട്ട മെത്രാൻ മാരെ തിരിച്ചെടുക്കുക, ശിക്ഷാ നടപടികൾ ഒഴിവാക്കുക, വ്യാജ രേഖ കേസ് പിൻവലിക്കുക തുടങ്ങിയവയാണ്…

ഈ ആവശ്യങ്ങൾ ഇനി ഭാവിയിൽ ഉണ്ടാകാൻ പോകുന്ന എല്ലാ പ്രശ്നങ്ങൾക്കും ശ്വാശതമായ പരിഹാരമാണോ..?
സത്യത്തിൽ എന്താണ് അല്മായർ മുന്നോട്ട് വെക്കേണ്ട ആവശ്യങ്ങൾ…?
തങ്ങളുടെ സ്വത്തുക്കൾ തങ്ങൾക്ക് വിട്ടുതരിക..
സഭയുടെയും ഇടവകകളുടെയും സ്വത്തുക്കൾ കൈകാര്യം ചെയ്യാനും തീരുമാനം എടുക്കാനുമുള്ള അവകാശം അല്മായരെ ഏൽപ്പിക്കുക..
അല്ലങ്കിൽ അല്മായർ ഉൾപ്പെടുന്ന സമിതിയെ ഏൽപ്പിക്കുക..
ആല്മായരിൽ നിന്നും ശമ്പളവും ആനുകൂല്യങ്ങളും ആർഭാടങ്ങളും കൈപ്പറ്റുന്ന പുരോഹിതർ കൂലിക്കാർ എന്ന അതിർവരമ്പ് കടക്കാതിരിക്കുക തുടങ്ങിയവയായിരുന്നില്ലേ അല്മായർ മുന്നോട്ട് വെക്കേണ്ട ആവശ്യങ്ങൾ..?
പൂർണമായ ഒരു പൊളിച്ചെഴുത്തിനല്ലാതെ ഇവിടെ ശ്വാശതമായ പരിഹാരത്തിന് പ്രതീക്ഷയില്ല..

രാഷ്ട്രീയവും മതവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്…
കൂലിക്കാർ യജമാനന്മാരാകുന്ന അത്ഭുത പ്രതിഭാസം…

ജോളി ജോളി