യുദ്ധത്തിലേക്ക് കടക്കുകയാണെങ്കില്‍ ഓര്‍ക്കണം, ഏതറ്റം വരെയും പോ​കും ; ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിനായി അവസാനം വരെ പോരാടും. വിഷയത്തില്‍ പാകിസ്ഥാന്‍ നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായും ഇമ്രാന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിനെ പിടിച്ചടക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി.

സൈന്യത്തെ ഉപയോഗിച്ചാണ് അവര്‍ കശ്മീരിനെ പിടിച്ചടക്കിയത്. കശ്മീരികള്‍ക്കു നെഹ്‌റു നല്‍കിയ ഉറപ്പാണു മോദി ലംഘിച്ചത്. യുഎന്‍ പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ നടപടി. പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കുന്നതില്‍ പാക്കിസ്ഥാന്‍ വിജയിച്ചു. 1965-നുശേഷം ആദ്യമായി യുഎന്‍ കശ്മീര്‍ വിഷയത്തില്‍ യോഗം ചേര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും വിഷയം ചര്‍ച്ച ചെയ്‌തെന്നും ഇമ്രാന്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ അറിയിച്ചു.

ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് ആശയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്‍മാരായാണ് അവര്‍ കരുതുന്നതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയും ഇടപെടേണ്ടതില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇമ്രാന്റെ പ്രതികരണം. ജിഏഴ് ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദി കര്‍ശനനിലപാട് സ്വീകരിച്ചത്. ഇതിനിടെ മധ്യസ്ഥതയാവാം എന്ന നിര്‍ദ്ദേശം ട്രംപ് മയപ്പെടുത്തുകയും ചെയ്തു.