പാക്കിസ്ഥാന്റെ പദ്ധതി തകര്‍ക്കാന്‍ ജാഗ്രതയോടെ ഇന്ത്യന്‍സേന

ശാന്തമായ കശ്മീരില്‍ ഭീകരാക്രമണത്തിനായി അതിര്‍ത്തിയില്‍ 275 ജിഹാദികളെ ഒരുക്കിയ പാക്കിസ്ഥാന്റെ പദ്ധതി തകര്‍ക്കാന്‍ ജാഗ്രതയോടെ ഇന്ത്യന്‍സേന.

അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പഷ്തൂണ്‍ വംശജരടക്കമുള്ള വിദേശികളുള്‍പ്പെടുന്ന ജിഹാദികളെയാണ് ഏഴു ഭീകരപരിശീലന ക്യാമ്പുകളിലായി പാക് ചാരസംഘടനയായ ഐ.എസ്.ഐയും പാക് സേനയും ഒരുക്കിയിട്ടുള്ളത്. ഈ സന്നാഹത്തിന്റെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ചോര്‍ത്തിയതാണിപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടിയാകുന്നത്.

ബാലക്കോട്ട്‌ മാതൃകയില്‍ ഭീകരപരിശീലന കേന്ദ്രത്തില്‍ മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറാകുമോ എന്ന ആശങ്കയും ലോകരാജ്യങ്ങള്‍ക്കുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജിഹാദികളെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റി ഭീകരാക്രമണം നടത്താനുള്ള പദ്ധതി അതീവ ജാഗ്രതയോടെയാണ് ഇന്ത്യന്‍സേന നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവലിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷാസേനയെ കശ്മീരില്‍ വിന്യസിച്ചിട്ടുള്ളത്.

കശ്മീരിന് പ്രത്യേക അവകാശം നല്‍കിയ ഭരണഘടനയുടെ 370-ാം വകുപ്പ്‌ റദ്ദാക്കിയ ശേഷം കശ്മീര്‍ പൂര്‍ണമായും ഇപ്പോള്‍ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്. കലാപ കലുഷിതമായ കശ്മീരില്‍ അതിനു ശേഷം സുരക്ഷാസേനക്കുനേരെ ഒരു വെടിയൊച്ചപോലും ഉണ്ടായിട്ടില്ലെന്നതാണ് അജിത് ഡോവല്‍ തന്നെ പറയുന്നത്. നിലവില്‍ കശ്മീരിലെ ജനജീവിതം സാധാരണ നിലയിലെത്തിയിട്ടുമുണ്ട്. കശ്മീരിലെ നല്ലൊരു വിഭാഗം ജനങ്ങളും, വികസനവും തൊഴിലവസരങ്ങളും എത്തിക്കുന്ന കേന്ദ്ര തീരുമാനത്തെ പിന്തുണക്കുന്നതാണ് പാക്കിസ്ഥാനെ പ്രകോപിതരാക്കുന്നത്.

കശ്മീരികള്‍ക്കുവേണ്ടി പാക്കിസ്ഥാന്‍ പോരാടുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സേനാ വിന്യാസവും ശക്തമാക്കിയിരുന്നു. അതേ നാണയത്തില്‍ ഇന്ത്യയും പ്രതിരോധം തീര്‍ത്തതോടെയാണ് ജിഹാദികളെ ഇറക്കിയുള്ള ഭീകരാക്രമണത്തിനുള്ള പുതിയ പദ്ധതി ഐ.എസ്.ഐ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

1990ല്‍ വിദേശ ജിഹാദികളെ ഇറക്കി ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ പദ്ധതിയിട്ടെങ്കിലും ഇന്ത്യന്‍ സുരക്ഷാ സേനകള്‍ ഈ നീക്കം ഫലപ്രദമായി തകര്‍ത്തിരുന്നു. അതിര്‍ത്തികളിലെ ഭീകരവാദ ക്യാമ്പുകളുടെയും ജിഹാദികളുടെയും കൃത്യമായ വിവരമാണ് റോ നിലവില്‍ കൈമാറിയിട്ടുള്ളത്. ഇന്ത്യ ഈ വിവരങ്ങള്‍ അമേരിക്ക, റഷ്യ അടക്കമുള്ള സൗഹൃദരാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടി നല്‍കിയാല്‍ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ദക്ഷിണ കശ്മീരിലെ ഗൗര്‍ സെക്ടറില്‍ 80 ഭീകരവാദികളെയാണ് ഐ.എസ്.ഐ സജ്ജരാക്കിയിട്ടുള്ളത്. മച്ചാലില്‍ 60, കര്‍ണാല്‍ 50 , കേരന്‍ 40, ഉറി 20, നൗഗം 15, റാംപുര്‍ 10 എന്നിങ്ങനെയാണ് ജിഹാദികളെ വിന്യസിപ്പിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി മിന്നലാക്രമണത്തില്‍ പാക് അധീനകശ്മീരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ ബോംബിങ്ങിലൂടെയാണ് തകര്‍ത്തിരുന്നത്. ഇതിനു പിന്നാലെ അതിര്‍ത്തികളിലെ ഭീകരക്യാമ്പുകള്‍ ഐ.എസ്.ഐ പാക് സൈനിക ക്യാമ്പിനടുത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുമാറ്റിയ പുതിയ രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി കൂടിയാണ് പാക്ക് അധീനകശ്മീരില്‍ ഇപ്പോള്‍ ഭീകരക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോളഭീകരനായ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐ.എസ്.ഐ.എസ്, അല്‍ക്വയ്ദ , തെഹരീക് എ താലിബാന്‍ അടക്കമുള്ള സംഘടനകളിലൂടെയാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ ജിഹാദികളെ റിക്രൂട്ട് ചെയ്ത് അതിര്‍ത്തിയില്‍ പരിശീലിപ്പിച്ചു വരുന്നത്. ഈ നീക്കങ്ങള്‍ സി.ഐ.എയും മൊസാദുമടക്കമുള്ള ലോകത്തിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചു വരികയാണ്.

ആഗോളതലത്തില്‍ തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ അടക്കം പരിശോധിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിലാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണോ എന്നത് സംബന്ധിച്ച് അടുത്ത മാസം നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടാകുക. തീവ്രവാദസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന സാമ്പത്തികസഹായത്തിന്റെ വിവരങ്ങള്‍ ഈ ഫിനാന്യഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന് ഇന്ത്യ കൈമാറിയിട്ടുണ്ട്.

ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായാണ് ഇന്ത്യ വിശേഷിപ്പിച്ചിട്ടുള്ളത്. കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തരവിഷയമാണെന്നും ഭീകരവാദം പാക് നയത്തിന്റെ ഭാഗമാണെന്നുമാണ് ഇന്ത്യ തുറന്നടിച്ചിരുന്നത്. ജമ്മു കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വിശേഷിപ്പിച്ചതും ഇന്ത്യക്ക് ഗുണകരമായി മാറിയിട്ടുണ്ട്.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടില്‍ റഷ്യ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. അതേസമയം കശ്മീരില്‍ ഇന്ത്യന്‍ അനുകൂല നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ വിജയിച്ച ഇന്ത്യ, കശ്മീര്‍ വിഷയത്തില്‍ നയതന്ത്രപരമായും സൈനികപരമായുമുള്ള വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്നാല്‍ അത് അവര്‍ക്ക് കനത്ത തിരിച്ചടിയാകും. സൈനിക ബജറ്റ് വിഹിതം വരെ വെട്ടിക്കുറക്കേണ്ടിവന്ന പരിതാപകരമായ അവസ്ഥയിലാണിപ്പോള്‍ ആ രാജ്യം. ആണവായുധമുള്ള രാഷ്ട്രമെന്ന ഭീഷണിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇതുവരെ ഉയര്‍ത്തിയിരുന്നത്.

പ്രതിരോധത്തിനല്ലാതെ ആക്രമണത്തിന് ആണവായുധം ഉപയോഗിക്കില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത പ്രതിരോധ നയം. എന്നാല്‍ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്നെ തുറന്നടിച്ചിരുന്നത്. ഇത് പാക്കിസ്ഥാനെ മാത്രമല്ല മറ്റ് ലോക രാഷ്ട്രങ്ങളെയും ഞെട്ടിച്ച പ്രതികരണമായിരുന്നു. സമവായത്തിന്റെ പാതവിട്ട് ആക്രമണത്തിന്റെ പാതയിലേക്ക് ഇന്ത്യ നിലപാട് മാറ്റുന്നത് ചൈനയേയും ഇപ്പോള്‍ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.