ലീഗ് നിലപാട് തള്ളി സര്‍ക്കാരിനെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍

പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന മുസ്‌ലിം ലീഗ് നിലപാട് തള്ളി സര്‍ക്കാരിനെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി. രംഗത്ത്.

പ്രതിപക്ഷമെന്ന നിലയ്ക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്നാണ് വഹാബിന്റെ പരിഹാസം. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുല്‍വഹാബ് ഇടത് അനുകൂല നിലപാടെടുത്തിരിക്കുന്നത്.

ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രവര്‍ത്തനവും സര്‍ക്കാരിന്റെ ഇടപെടലും പ്രശംസനീയമാണെന്നും ലീഗ് എം.പി വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ നടന്ന യു.ഡി.എഫ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്താണ് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് തുറന്നടിച്ചിരുന്നത്. ദുരന്തത്തില്‍ ദുരന്തമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്നും സര്‍ക്കാര്‍ പാഠംപഠിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിച്ചിരുന്നു. ലീഗ് എം.പി ഇ.ടി മുഹമ്മദ്ബഷീര്‍ എം.പിയും ജില്ലയിലെ എം.എല്‍.എമാരും മുതിര്‍ന്നനേതാക്കളും പങ്കെടുത്ത ഈ രാപ്പകല്‍ സമരത്തിന് പക്ഷെ വഹാബ് എത്തിയിരുന്നില്ല.

കോഴിക്കോട് നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ വഹാബിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഹൈദരബാദില്‍ നിന്നുള്ള ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് എത്തുന്നില്ല ലീഗ് എം.പിമാരെന്നായിരുന്നു കെ.എം ഷാജി എം.എല്‍.എ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നത്. മുത്തലാഖ് ബില്‍ ചര്‍ച്ചാവേളയില്‍ വഹാബ് രാജ്യസഭയിലെത്താത്തതും മുന്‍പ് ലീഗിനുള്ളില്‍ കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് പി.വി അബ്ദുല്‍വഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങളുടെ വിമര്‍ശനം യൂത്ത് ലീഗും പിന്നീട് ഏറ്റെടുത്തിരുന്നു. ഇതോടെ ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിനോട് വിശദീകരണം തേടുകയുമുണ്ടായി. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചര്‍ച്ചാസമയത്ത് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ ലീഗ് വിവാദം അവസാനിപ്പിച്ചെങ്കിലും, സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ക്ക് ഈ വിശദീകരണം തൃപ്തികരമായിരുന്നില്ല.

ആരോഗ്യ പ്രശ്‌നങ്ങള്‍ പറയുന്ന വഹാബ് ചര്‍ച്ചയുടെ സമയം കഴിഞ്ഞ് നിയമമന്ത്രി പ്രസംഗം അവസാനിപ്പിച്ച് വോട്ടിനിടുന്ന ഘട്ടത്തില്‍ രാജ്യസഭയിലെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതൃത്വവും വഹാബിനെതിരെ കട്ടകലിപ്പിലാണ്. വഹാബിനെതിരെ കടുത്ത നിലപാടുയര്‍ത്തുന്ന ഒരുവിഭാഗം വര്‍ഷങ്ങളായി മുസ്ലീം ലീഗില്‍ സജീവമാണ്.

പ്രമുഖ വ്യവസായിയായ വഹാബിന് 2015ല്‍ രണ്ടാമതും രാജ്യസഭയിലേക്കയക്കാനുള്ള തീരുമാനത്തിനെതിരെ ലീഗില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നിരുന്നത്. വഹാബിനെതിരെ കെ.പി.എ മജീദിനെയാണ് അന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഉയര്‍ത്തികാട്ടിയിരുന്നത്. സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട പദവി മുതലാളിക്ക് നല്‍കരുതെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്.

എന്നാല്‍ പിന്നീട് കോഴിക്കോട്ട് വച്ച് പിണറായി വിജയനുമായി രഹസ്യചര്‍ച്ച നടത്തിയ വഹാബ്, ലീഗിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. രാജ്യസഭാ സീറ്റു നല്‍കിയില്ലെങ്കില്‍ ഇടതുപക്ഷത്തിനൊപ്പം പോകുമെന്ന ഭീഷണി ഉയര്‍ന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് നല്‍കാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. ഹൈദരലി ശിഹാബ് തങ്ങളാണ് അന്ന് വഹാബിനനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖന്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വഹാബ് മുന്‍പ് സി.പി.എം പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് പിന്നീട് അദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നത്. കൈരളിക്കായി ഗള്‍ഫില്‍ ഷെയറുകള്‍ സമാഹരിച്ചതും വഹാബും പിണറായിയും ചേര്‍ന്നായിരുന്നു.

മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമനവിവാദത്തില്‍ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു. ബഹിഷ്‌ക്കരണം തള്ളി ജലീലിനൊപ്പം വഹാബ് വേദി പങ്കിടുകയും ചെയ്തു. ഇതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ച കാര്യമാണ്.

വഹാബിന്റെ തട്ടകമായ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുമായും സമാനനിലപാടാണ് വഹാബിനുള്ളത്. അന്‍വറിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അന്‍വറുമായി വേദിപങ്കിട്ടാണ് വഹാബ് പൊളിച്ചിരുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പി.വി അന്‍വര്‍ മത്സരിച്ചപ്പോഴും പ്രചരണരംഗത്ത് വഹാബ് സജീവമായിരുന്നില്ല.

മലപ്പുറത്ത് മുസ്‌ലിം ലീഗ് സ്വന്തം നിലക്ക് പ്രളയപുനരധിവാസ പ്രവര്‍ത്തനം നടത്തുമ്പോള്‍ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ റീബില്‍ഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി അന്‍വറുമായി ചേര്‍ന്നാണ് വഹാബിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

കവളപ്പാറ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ലീഗ് എം.എല്‍.എമാരെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും ഏറെ വിവാദമായിരുന്നു. പ്രതിഷേധവുമായി ലീഗ് എം.എല്‍.എമാര്‍ രംഗത്തെത്തിയെങ്കിലും വഹാബ് ഇവരെയും പിന്തുണച്ചിരുന്നില്ല.

2021ല്‍ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. ദേശീയ ട്രഷററായ വഹാബിന് മന്ത്രി സ്ഥാനവും ഉറപ്പാണ്. പി.കെ ബഷീര്‍ എം.എല്‍.എയുടെ മണ്ഡലമായ ഏറനാട് മണ്ഡലത്തിലാണ് വഹാബിന് നോട്ടം. ബഷീറും വഹാബും തമ്മില്‍ നിലവില്‍ ശരിക്കും ഉടക്കിലുമാണ്.

ബഷീറിന്റെ മണ്ഡലത്തില്‍പെട്ട ചാലിയാര്‍ പഞ്ചായത്തില്‍ വഹാബിന്റെ കോളേജായ അമല്‍കോളേജിലെ പരിപാടികളില്‍ സ്ഥലം എം.എല്‍.എയായ ബഷീറിനെ വിളിക്കാതെ പി.വി അന്‍വറിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ലീഗ് നേതൃത്വത്തിലും പരാതി എത്തിയിരുന്നു. വഹാബിന്റെ ഈ ചുവപ്പ് പ്രേമം ലീഗ് നേതൃത്വത്തെയാണിപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

അതേസമയം ലീഗിനെ ഇടതുപക്ഷത്തെത്തിക്കാനുള്ള പാലമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വഹാബിനെ കാണുന്നത്. ഈ നീക്കം പരാജയപ്പെട്ടാല്‍ ഇടത് എം.എല്‍.എ സ്ഥാനം രാജിവെച്ച് ലീഗില്‍ ചേര്‍ന്ന് മന്ത്രിയായ മഞ്ഞളാംകുഴി അലി മോഡല്‍ വഹാബിനെ അടര്‍ത്തിയെടുക്കാനുള്ള നീക്കവും ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. വഹാബ് ഇടതുപക്ഷത്തെത്തിയാല്‍ നിലമ്പൂരില്‍ അന്‍വറിന്റെ പകരക്കാരനായി അദ്ദേഹത്തെ അവരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതു നേതാക്കള്‍.

യൂത്ത്‌ലീഗ് നേതാവായിരുന്ന കെ.ടി ജലീല്‍ കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞ് സി.പി.എം പാളയത്തിലെത്തിയാണ് മന്ത്രിയായിരിക്കുന്നത്. ഇതേ ജലീലുമായി ചേര്‍ന്ന് വഹാബ് നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണിപ്പോള്‍ നോക്കികാണുന്നത്.