ഒരു മാറ്റവും ഇല്ലാതെ തുടരുന്ന നമ്മുടെ പൊന്നോണം

മിനി നായർ (അറ്റ്‌ലാന്റാ )

മലയാള സംസ്കാരത്തിന്റെ സവിശേഷതകളെ ഉത്സവാഘോഷങ്ങളില്‍ ദര്ശിക്കുമ്പോൾ ഓണത്തിനാണ് ഒന്നാം സ്ഥാനം . കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങളെ അടുത്തറിയുമ്പോൾ ഓണം കേരളീയര്‍ക്ക് മഹോത്സവമായി മാറുന്നു .ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം. ഇത് ഇന്ന് കേരളീയരുടെ മാത്രം ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തും, മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്. ചിങ്ങമാസം മലയാളിയുടെ പുതുവര്‍ഷാരംഭമാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്.മാലോകരെല്ലാം ഒന്നു പോലെ ജീവിച്ചിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയ്യാര്‍. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.

കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ‘ഓണക്കോടി’ എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്.

ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്. വള്ളം കളി അവയിലൊന്ന്. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞ് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളിയുടെ രീതി. തെക്കന്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാമുഖ്യം.

പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് ‘പുലിക്കളി’. ചിങ്ങമാസത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ‘കടുവകളി’ എന്നും ഇതിനു പറയാറുണ്ട്. മധ്യകേരളത്തില്‍, പ്രത്യേകിച്ച് തൃശ്ശൂരിലും പ്രാന്ത പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ തൃക്കാക്കര പോലുള്ള ദേശങ്ങളിലുമാണ് ഈ വിനോദ കലയ്ക്ക് കൂടുതല്‍ പ്രചാരം.

‘കൈകൊട്ടിക്കളി’ എന്നു സാമാന്യമായി വിളിക്കപ്പെടുന്ന ‘തിരുവാതിരക്കളി’ സ്ത്രീകളുടെ മാത്രം ഒരു സംഘ നൃത്തമാണ്. ഓണാഘോഷങ്ങളില്‍ ‘തിരുവാതിരക്കളി’യും അരങ്ങേറുന്നുണ്ട്.

കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തല്‍പ്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം.കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്‍റെ സമാപനമാണ് ഓണമായി മാറിയത് എന്നും കരുതുന്നുണ്ട്.

കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ രാജ്യം ഉപേക്ഷിച്ച് മെക്കയിലേക്ക് പോയതിനെ അനുസ്മരിച്ചാണ് ഓണാഘോഷം തുടങ്ങിയത് എന്നു കരുതുന്നവരുമുണ്ട്.

വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണം. മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കുടിയാന്മാരായ കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും. ജന്മിമാര്‍ അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓണക്കോടി നല്‍കും – ഇത് പഴങ്കഥ.ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്‍റെ പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു.

കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്‍ പറയുന്നു. മഹാബലി എത്തുമ്പോള്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒക്കെ വേണം.
ഓണം അങ്ങനെ ഓരോ വർഷം കഴിയുംതോറും പുതിയ പുതിയ തലങ്ങളിലൂടെ കടന്നു പോകുന്നു .എന്തെല്ലാം ആധുനികതകൾ നമ്മെ കീഴ്പ്പെടുത്തിയാലും ഓണം മലയാളിക്ക് ഓണം തന്നെ .ഒരു മാറ്റവും ഇല്ലാതെ തുടരുന്ന നമ്മുടെ പൊന്നോണം