നടി ധന്യാമേരി വര്‍ഗ്ഗീസ് അറസ്റ്റില്‍

ഫ്‌ളാറ്റ് നിര്‍മ്മാണത്തട്ടിപ്പ് പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്

ഭര്‍ത്താവ് ജോണും സഹോദരനും അറസ്റ്റില്‍

ഭര്‍തൃപിതാവ് ജേക്കബ് സാംസാണ്‍ ജയിലില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ളാറ്റ് തട്ടിപ്പുകേസില്‍ ചലച്ചിത്രതാരം ധന്യാമേരി വര്‍ഗ്ഗീസ് അറസ്റ്റില്‍. കേസില്‍ ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബും സഹോദരന്‍ സാം ജേക്കബ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഭര്‍തൃപിതാവ് ജേക്കബ് സാംസാണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. അമ്പതിലേറെ ആളുകള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തിരുവനന്തപുരത്ത് സാംസണ്‍ ആന്റ് സണ്‍സ് ബിള്‍ഡേഴ്സ് ആന്റ് ഡെവലെപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പി.ആര്‍.ഡി ആഡീഷണല്‍ ഡയറക്ടര്‍ ആയി വിരമിച്ച ജേക്കബ് സാംസണ്‍, മക്കളായ ജോണ്‍, സാം എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ഇതില്‍ ചലച്ചിത്ര നടന്‍ കൂടിയായ ജോണാണ് ധന്യാമേരീ വര്‍ഗ്ഗീസിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയില്‍പ്പെടുത്തിയതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. മ്യൂസിയം, കന്റോണ്‍മെന്റ്, പെരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികളാണ് ലഭിച്ചത്.
2011 മുതലാണ് തട്ടിപ്പിന്റെ ആരംഭം എന്നാണ് പൊലീസിന് ലഭിച്ച വിവിധ പരാതികളില്‍ പറയുന്നത്. 2011 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസില്‍ എന്ന ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 25 പേരില്‍ നിന്ന് ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തവരില്‍ ഉള്‍പ്പെടുന്നു. 2014 ഡിസംബറില്‍ ഫ്ളാറ്റ് പൂര്‍ത്തീകരിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ വന്നതോടെ ഉപഭോക്താക്കള്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കളെ സമീപിച്ചു. ഉടന്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുകൂടാതെ ഫ്ളാറ്റുകളും ഫ്ളാറ്റ് നിര്‍മ്മിക്കുന്ന സ്ഥലവും ഈടുവെച്ച് ഇവര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാര്‍ ആരോപിക്കുന്നു. നോവ കാസില്‍ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറില്‍ ഓര്‍ക്കിഡ് വാലി എന്ന ഫ്ളാറ്റ് നിര്‍മ്മിക്കാമെന്ന് കാണിച്ച് പലരില്‍ നിന്നും സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്സ് അഡ്വാന്‍സ് തുക കൈപ്പറ്റി. 25 ഫ്ളാറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം.