മദ്യശാലകള്‍ പൂട്ടല്‍ വിധി: സര്‍ക്കാരിന് കനത്ത വെല്ലുവിളി

ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുളള സൂപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് കനത്ത വെല്ലുവിളി

 
ദേശീയ സംസ്ഥാന പാതകളിലെ മദ്യകച്ചവടം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് ഉണ്ടാക്കുക കോടികളുടെ വരുമാന നഷ്ടമാണ്. നിലവില്‍ മദ്യത്തിന്റെ നികുതിയിലൂടെയാണ് ഖജനാവിലേക്ക് എത്തുന്ന ഏറിയ പങ്ക് വരുമാനവും. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതോടെ ഇത് ഗണ്യമായി കുറയും. ഒപ്പം ബവറേജസിന്റേയും മറ്റും ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുളള ബാധ്യത വേറെയും. ബിവറേജസ് കോര്‍പ്പറേഷന്റ 130 മദ്യശാലകളാണ് പൂട്ടേണ്ടി വരിക. കണ്‍സ്യൂമര്‍ ഫെഡിന്റ 36 എണ്ണത്തിനും പൂട്ട് വീഴും. ഇതോടൊപ്പം ഫൈസ്റ്റാര്‍ ബാറുകള്‍ ബിയര്‍പാര്‍ലറുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കേണ്ടി വരും. ആകെയുളള 31 ഫൈവ്സ്റ്റാര്‍ ബാറുകളില്‍ 13 എണ്ണവും ഈ ഉത്തരവിന്റെ പരിധിയില്‍ വരുന്നവയാണ്. ബാറുകള്‍ മദ്യനയത്തെ തുടര്‍ന്ന അടച്ചു പൂട്ടിയപ്പോള്‍ പലതും ബിയര്‍വൈന്‍ പാര്‍ലറുകളാക്കി മാറ്റിയിരുന്നു. ഇത്തരത്തിലുളള 555 എണ്ണവും റോഡ് വക്കത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതും പൂട്ടേണ്ടി വരും.

നിലവിലെ അബ്കാരി നിയമമനുസരിച്ച് 200 മീറ്റര്‍ ആആയിരുന്നു ദൂരപരിധി. ഇത് 500 മീറ്റര്‍ ആക്കണമെന്നാണ്് സുപ്രീം കോടതി നിര്‍ദ്ദേശം. ഒരു ദിവസം 29 കോടിയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റ് വരവ്. കണ്‍സ്യൂമര്‍ഫഡിന്റേത് 2.5കോടിയും. ഇതില്‍ ഏറിയ പങ്കും നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്കാണ് എത്തുന്നത്. ഇത് ഇല്ലാതായാല്‍ ചിലവിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഏറെ വിയര്‍ക്കും. പുതിയ മദ്യനയത്തിന് രൂപം നല്‍കാനുളള ഒരുക്കത്തിലായിരുന്നു സര്‍ക്കാര്‍. പല ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഈവിധി. ഇത് ഇടതുമുന്നണിക്കും വെല്ലുവിളിയാകും.

ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ കോര്‍പ്പറേഷനു മുന്നിലും വെല്ലുവിളികള്‍ ഏറെയാണ്. ആറ്മാസത്തെ വാടക നിക്ഷേപമായി നല്‍കിയാണ് ഔട്ട്ലെറ്റുകള്‍ക്കുളള സ്ഥലം ഏറ്റെടുക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്രയും തുക നല്‍കിയാണ് കെട്ടിടം ലഭിക്കുക അസാധ്യമാണ്. ഇതോടൊപ്പം ജനകീയ പ്രതിഷേധങ്ങളേയും തണുപ്പിക്കേണ്ടി വരും. സ്‌കൂളുകള്‍ വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുളള ദൂര പരിധിയും പാലിക്കേണ്ടി വരും. ഫലത്തില്‍ പല ഔട്ടലെറ്റുകള്‍ക്കും എന്നന്നേക്കുമായി പൂട്ട് വീഴും.