ബംഗാൾ ഭരണം പിടിക്കാൻ ചെമ്പട

ബംഗാളിലെ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് മേല്‍ ഇടിത്തീയായി ഇടതുപക്ഷ മുന്നേറ്റം. ലോകസഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ആത്മവിശ്വാസത്തില്‍ ബംഗാള്‍ ഭരണം പിടിക്കാനുള്ള കാവിപടയുടെ നീക്കത്തിനാണ് ചെമ്പട വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

തൊഴിലില്ലായ്മയ്ക്കെതിരെ കൊല്‍ക്കത്തയില്‍ വിവിധ ഇടത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് നടപടി വലിയ നേട്ടമാണ് ഇടതുപക്ഷത്തിനുണ്ടാക്കിക്കൊടുത്തിരിക്കുന്നത്. സിംഗൂരില്‍ വ്യവസായങ്ങള്‍ ഉണ്ടാകണം എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമുണ്ടായിരുന്നത്. നിരവധി പ്രതിഷേധക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ബംഗാളിലെ പൊരുതുന്ന യുവത്വത്തിന്റെ മുഖമാണ് പോര്‍നിലങ്ങളില്‍ ദൃശ്യമായിരുന്നത്.

പൊലീസ് മര്‍ദ്ദനങ്ങളെ ചെറുത്ത് നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗാളിലെ ചുവപ്പിന്റെ കരുത്താണ് പ്രകടമാക്കിയത്. ജീവന്‍മരണ പോരാട്ടത്തിലായ ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ തിരിച്ചുവരവിനാണ് ബംഗാളില്‍ നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലും ഇല്ല’ എന്ന തിരിച്ചറിവിലാണ് ഈ അന്തിമ പോരാട്ടം.

ഇടതുപക്ഷവും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്ന സഹചര്യം മമതയും തൃണമൂലും ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് തന്നെയാണ് യുവജന- വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മമത ഭരണകൂടം മുന്നിട്ടിറങ്ങിയത്. എന്നാല്‍ ആ ‘പണി’ പാളിയെന്നതാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇടതു മാര്‍ച്ചിന് ദേശീയ തലത്തില്‍ തന്നെ വലിയ പ്രാമുഖ്യം കിട്ടാന്‍ ഈ പൊലീസ് ലാത്തിച്ചാര്‍ജ് കാരണമായിട്ടുണ്ട്.

മമതയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ച് ഇടതുപാളയത്തിലെത്താനുള്ള സാധ്യതയും ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിരന്തരമായ സമരങ്ങളിലൂടെ ബംഗാള്‍ ഭരണം തിരിച്ച് പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഈ നീക്കത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ യുവജന- വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍. സംസ്ഥാന ഭരണം ഇടതിന് നഷ്ടമായെങ്കിലും നിലവില്‍ ബംഗാളിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ തന്നെയാണ്.

സി.പി.എമ്മിന്റെ ഈ വിദ്യാര്‍ത്ഥി സംഘടന വിജയിക്കും എന്ന കാരണത്താല്‍ ഒരു പാട് കാലമായി ബംഗാളില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നടത്തിക്കാറില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നില്ലങ്കിലും അതൊന്നും ബംഗാളിലെ എസ്.എഫ്.ഐയുടെ വീര്യത്തെ ബാധിച്ചിട്ടില്ല. ഇക്കാര്യം കഴിഞ്ഞ പ്രക്ഷോഭത്തിലൂടെ മമത ഭരണകൂടത്തിനും മനസ്സിലായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസിപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായ സോണിയ ഗാന്ധി ബംഗാള്‍ ഘടകത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരേയും സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. ഇതു പരിഗണിച്ചാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയുക എന്നതാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്നാണ് ബംഗാള്‍ പി.സി.സി പ്രസിഡന്റ് സുമന്‍ മിത്ര തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ബംഗാളിലെ ചുവപ്പിന്റെ പോരാട്ടവീര്യം കോണ്‍ഗ്രസ് നേതാക്കളെപ്പോലും ആവേശത്തിലാക്കുന്നുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.