മരട് ഫ്ലാറ്റ് ; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം : മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് പ്രതികരിച്ചു.

അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് അറിയിച്ചു.

അനധികൃത നിര്‍മ്മാണം നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കാനിരിക്കെയാണ് വി.എസിന്റെ പ്രതികരണം. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ 20-നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പൊലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

ഇതിനിടെ സര്‍വകക്ഷിയോഗ തീയതി തീരുമാനിച്ചത് തന്നോട് കൂടി ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സര്‍വകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.