കേരളാ ഡിജിപി ഇതുവല്ലതും അറിയുന്നുണ്ടോ?

റോയ് മാത്യു

സിസ്റ്റർ ലൂസി കളപ്പുര വാദിയായി വയനാട് ജില്ലയിലെ വെള്ള മുണ്ട പോലീസ് സ്റ്റേഷനിൽ 20/08/2019 ൽ ക്രൈം നമ്പർ Ol47/ 2019 ആയി രജിസ്റ്റർ ചെയ്ത കേസിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ, അറസ്റ്റ് രേഖ പ്പെടുത്താനോ താങ്കൾ നേതൃത്വം കൊടുക്കുന്ന കേരളാ പോലീസ് തയ്യാറായിട്ടില്ല.

മാനന്തവാടി രൂപത PRO ഫാ നോബിൾ തോമസ് ഒന്നാം പ്രതിയും കാരക്കാമല FC കോൺവെന്റിലെ സന്യാസിനി മാരായ ലിജി മരിയ, ജ്യോതി മരിയ, മരീന, സിൽജ, സനില, കൗൺസിലേഴ്സ് എന്നിവരെയുമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

“19/08/2019 തീയതി പൊരുന്നന്നൂർ അംശം കാരക്കാമല എന്ന സ്ഥലത്തുള്ള FC കോൺവെന്റിലെ സന്യാസിനിയായ പരാതിക്കാരിയെ ഒന്നു മുതൽ ഏഴു കൂടിയ പ്രതികൾ പരസ്പര സഹായി കളായി പ്രവർത്തിച്ച് പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ അപമാന മുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നും മറ്റുമാണ് ” FIR ൽ എഴുതി വെച്ചിരിക്കുന്നത്- ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500, 509, 34 വകുപ്പുകൾക്കൊപ്പം കെ പി ആക്ടിലെ 119 ( b) യും ചേർത്തിട്ടുണ്ട്.

ഈ പ്രതികളെല്ലാം ആ പരിസരത്ത് ഇപ്പോഴും സ്വൈരവിഹാരം നടത്തുകയാണ്. പോലീസിതു വരെ പ്രതികളെ ചോദ്യം ചെയ്യാനോ, മറ്റു നടപടികളിലേക്ക് കടക്കാനോ തയ്യാറായിട്ടില്ലെന്ന് സിസ്റ്റർ ലൂസി പറയുന്നുണ്ട്.
എന്തുകൊണ്ടാണ് താങ്കളുടെ പോലീസ് പ്രതികളെ പിടികൂടുന്നതിൽ അമാന്തം കാണിക്കുന്നതെന്ന് പറയാനാവുമോ?
ലിംഗ സമത്വം, നവോത്ഥാനം , സ്ത്രീ സുരക്ഷ ഇതൊക്കെ കേരളാ പോലിസിന്റെ പ്രഖ്യാപിത നയങ്ങളാണ്. എന്നിട്ടുമെന്തേ സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ മാത്രം നടപടി ഉണ്ടാവുന്നില്ല?
പൊതു സമൂഹത്തിൽ ടി – സിസ്റ്ററിന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ടതായി അവർ രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വഴിപാട് പോലെ ഒരു കേസ് രജിസ്റ്റർ ചെയ്തു എന്നല്ലാതെ താങ്കളുടെ പോലീസ് 17 ദിവസങ്ങളായിട്ടും ഒന്നും ചെയ്തിട്ടില്ല.

ശത്രുക്കളാൽ ആ പാവപ്പെട്ട സ്ത്രീ കൊല്ലപ്പെട്ടാലേ പോലീസ് നടപടി എടുക്കുവെന്നാണോ കേരളാ പോലീസിന്റെ നിലപാട്?
ഇത്തരമൊരു ഒരു കുറ്റകൃത്യമുണ്ടായാൽ സാധാരണയായി എന്താണ് താങ്കളും പോലീസും ചെയ്യുന്നതെന്ന് ജനങ്ങളെ ഒന്ന് ബോധ്യപ്പെടുത്താമോ? കത്തോലിക്കാ
വൈദികരും കന്യാസ്ത്രീകളും പ്രതി സ്ഥാനത്തു വന്നാൽ അവർക്കെതിരെ നടപടി പാടില്ലെന്ന് സർക്കാരിൽ നിന്ന് വല്ല നിർദ്ദേശമുണ്ടോ?
അതോ ഐ പി സി, സി ആർ പി സി, KP Act എന്നിവയ്ക്കു പുറമേ വേറെ വല്ല അലിഖിത നിയമങ്ങൾ പോലീസിന് ബാധകമാണോ? സിസ്റ്റർ ലൂസി താമസിക്കുന്ന കോൺവെന്റിൽ അവർ നിരന്തരമായ ഭീഷണിയും അവഹേളനവും നേരിടുന്നുവെന്ന് കാണിച്ച് 19/8/2019 ൽ മറ്റൊരു പരാതിയും പോലിസിന് കൊടുത്തെങ്കിലും ആ കേസിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. മൃദുഭാവെ , ദൃഡ കൃത്യേ എന്നാണ് പോലീസ് സേനയുടെ മുദ്രാവാക്യമെങ്കിലും രണ്ടും നടക്കുന്നില്ലാ എന്നതാണ് സത്യം .!