പിഎസ്‌സി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സിബിഐയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.

കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാരും പിഎസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹെക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തട്ടിപ്പിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പ് കൂടുതല്‍ വ്യാപ്തിയുള്ളതായതു കൊണ്ട് സ്വതന്ത്ര ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം, പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ പ്രതികളായ പ്രണവ്, സഫീര്‍ എന്നിവരെ വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.