ഓണമെനിക്കെന്തായിരുന്നു? (കവിത )

സിന്ധു. എം

ഓണമെനിക്കെന്തായിരുന്നു?
പൊന്നോലകളിളകിയാടുന്ന
കുന്നും മലയും
കാടും മേടും
പടർന്നു കിടക്കും
മലയാളമാണെനിക്കോണം.

വളഞ്ഞും പുളഞ്ഞും മായ്ച്ചു എഴുതിയും
ഒഴുകും പുഴകളാണെനിക്കോണം.

ആകാശംമുട്ടെയുയർത്തും
കിനാക്കളാൽ ആയത്തിലാടും ഊഞ്ഞാലാണെനിക്കോണം

മൂക്കുറ്റിപ്പൂക്കൾ ചിരിക്കും
പുലരിയിൽ കണ്ണെഴുതി പൊട്ടുകുത്തി
മന്ദം നടന്നെത്തും ചിങ്ങവെയിലെനിക്കോണം.
എന്റെ പൊന്നോണം

ഓണമെനിക്കെന്തായിരുന്നു?
ഓർമ്മകളാണെനിക്കോണം.

നിറച്ചിട്ടും നിറയാത്ത പൂവട്ടികളുമായി
പേരറിയാ പൂതേടിയലഞ്ഞ
ബാല്യത്തിൻ പൂവിതൾ ചിരിയാണെനിക്കോണം.

മണ്ണിൽ കളിച്ചു തിമിർത്തു
വെയിലിലും മഴയിലും തളരാത്ത
കുട്ടികുറുമ്പാണെനിക്കോണം.

ഓണമെനിക്കെന്തൊക്കെയോ ആണ്
ഓരോ പൂവിളിയും ആനന്ദമായിരുന്നു.

എവിടെയോ മറഞ്ഞൊരു കാലത്തിന് സുഗന്ധമെനിക്കിന്നോണം.

ഉള്ളതിനിടയിലെ ഇല്ലായ്മകളായി
ഇന്നെനിക്കോണം.