പത്തുമണിക്കുളള അയിഷ (കവിത)

അഡ്വ .റോജൻ

അയിഷയുടെ വരവ്‌
മോഹനമായ ഒരു കാഴ്ച്ചയാണ്
മഴയിലും വെയിലിലും
മഞ്ഞിലും മുടങ്ങാതെ
കൃത്യം പത്തുമണിക്ക്
ചാവക്കാട് നിന്നും
മണലൂർ വഴി
കുണുങ്ങി കുണുങ്ങി
അയിഷയെന്ന ബസ്സ്
കാഞ്ഞാണി നാലുംകൂടിയ
സെൻെററിലെത്തും
അവളെ കാത്തുനിന്നെന്ന
പോലെ
അന്തിക്കാട് റൂട്ടിലുടെ വരുന്ന
കെ ആർ മേനോൻറെ ഡ്രൈവർ
നീട്ടിയൊന്ന് ഹോണടിക്കും.

അയിഷ മേനോനെയോ
മേനോൻ അയിഷയെയോ
ഒാവർടേക്ക് ചെയ്യുകയോ
ദേഹത്ത് ചെളി തെറിപ്പിക്കുകയോ
ചെയ്യാറില്ല
കാണുമ്പോഴല്ലാം നീട്ടിയൊന്ന്
ഹോണടിച്ച് അവർ
പരസ്പരമുളള സ്നേഹം
അടയാളപ്പെടുത്തി പോന്നു.

അന്ന് വാട്ടർ അതോറിറ്റി
നെടുകെ പിളർന്ന
ചാവക്കാട് റൂട്ടിലൂടെ
ചെളിയിൽ കുളിച്ച്
അവശയായി അയിഷ
കാഞ്ഞാണിയിലെത്തി
അവളെ കണ്ട മേനോൻ
വിഷമത്തോടെ മെല്ലെയൊന്ന്
ഹോണടിച്ചു.

കാഞ്ഞാണിയിൽ നിന്നും
തൃശ്ശൂരങ്ങാടിയിലേക്ക്
എത്തണമെങ്കിൽ
പഴക്കമേറിയ
ഗർത്തസമാനമായ
ഗട്ടറുകളെയും
മഴകുഴികളെയും
താണ്ടണമായിരുന്നു.
കാഞ്ഞാണി റോഡ്
ടാർ കണ്ടിട്ട്
പതിനാറ് വർഷം
കഴിഞ്ഞിരുന്നു.

മുന്നിൽ അയിഷയും
പിന്നിൽ മേനോനും
ചാറ്റൽമഴയിലൂടെ
മന്ദംമന്ദം അരിമ്പൂരും
മനക്കൊടിയും കടന്ന്
ആമ്പക്കാട്ട് മൂലയിലെത്തി.
അതേ സമയം
നീട്ടി ഹോണടിച്ച്
ടിപ്പറെ ഒാവർടേക്ക്
ചെയ്ത് വന്ന
ദേവരാജെന്ന ബസ്സ്
നിയ ബാറിന് മുന്നിലെ
കുളസമാനമായ ഗട്ടറിൽ
വീണ് നടുവൊടിഞ്ഞ്
മേനോൻെറ പിന്നിലിടിക്കുകയും
മേനോൻ നിയന്ത്രണം വിട്ട്
അയിഷയുടെ പിന്നിലിടിക്കുകയും
വഴിവക്കിൽ നിന്നിരുന്ന
കുടിയന്മാർ അന്തംവിടുകയും ചെയ്തു.

ഗട്ടറിൽ മനുഷ്യരുടെ
ചോര പടർന്നു.
ഏതോ കുടിയൻ
റോഡിലെ കുഴികളടക്കാത്തതിൽ
ഇരട്ട തലയുളള
ഏതോ ദൈവത്തെ
പ്രാകി..