ജനം ഇടതിനൊപ്പം ചിന്തിച്ച് തുടങ്ങിയെന്ന് എ. വിജയരാഘവൻ2

കോട്ടയം: പാലാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനും രംഗത്ത്. കെ എം മാണിയെ പോലുള്ളൊരു അധികായകന്റെ നിര്യാണത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആ മുന്നണിയെയും സ്ഥാനാർത്ഥിയെയും പരാജയപ്പെടുത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചെങ്കിൽ അത് അട്ടിമറി വിജയം തന്നെയാണെന്ന് ശശീന്ദ്രൻ പറഞ്ഞു. കാലാകാലങ്ങളായി എൽ.ഡി.എഫിനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലാണ് സ്ഥാനാർത്ഥി മുന്നിൽ നിൽക്കുന്നതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

അതേസമയം, മാണി സി കാപ്പന്റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. പാലാ ഒരു യു.ഡി.എഫ് നിയോജക മണ്ഡലമാണെന്ന് പറഞ്ഞ വിജയരാഘവൻ ഇപ്പോൾ വോട്ടെണ്ണുന്ന യു.ഡി.എഫ് മണ്ഡലങ്ങളിൽ പോലും എൽ.ഡി.എഫ് മുന്നേറുന്നത് ജനങ്ങളുടെ വികാരമാണ് വ്യക്തമാക്കുന്നതെന്ന് അവകാശപ്പെട്ടു. പരമ്പരാഗത യു.ഡി.എഫ് സ്വാധീന മേഖലകളിൽ പോലും മാണി സി കാപ്പൻ മുന്നേറുന്നത് ട്രെൻഡ് വ്യക്തമാക്കുന്നുവെന്നും ഇടത് മുന്നണി കൺവീനർ പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പൻ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിർത്തുകയാണ്. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിക്കുമെന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞ മാണി സി കാപ്പൻറെ പ്രതീക്ഷ അസ്ഥാനത്തായില്ല. 31100 വോട്ടുകൾക്കാണ് മാണി സി കാപ്പൻ ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. 26764 വോട്ടുകളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമും 9614 വോട്ടുകലുമായി എൻ. ഹരിയും രണ്ടും മൂന്നു സ്ഥാനത്താണ് ഉള്ളത്.