കശ്മീരിൽ ഇടപെടാമെന്ന് വീണ്ടും ട്രംപ്

കാശ്മീരുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടാമെന്ന പ്രഖ്യാപനവുമായി വീണ്ടും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി യു.എൻ ജനറൽ അസംബ്ലിക്കിടെ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഇരു നേതാക്കളുമായും കശ്മീർ വിഷയത്തെക്കുറിച്ച് സംസാരിച്ചു. മദ്ധ്യസ്ഥതയടക്കം എന്ത് സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്തു. അവർ എന്‍റെ നല്ല സുഹൃത്തുക്കളാണ്. രണ്ട് ആണവായുധ രാഷ്ട്രങ്ങളാണ്. പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട് -ട്രംപ് പറഞ്ഞു. ഇത് നാലാം തവണയാണ് കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ആരുടെയും ഇടപെടൽ ആവശ്യമില്ലെന്നും നേരത്തെ തന്നെ ഇന്ത്യ നിലപാട് വ്യക്തമാക്കുകിയിരുന്നു.