വമ്പ് കാട്ടാന്‍ കൊമ്പന്‍മാര്‍

ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം

കൊച്ചി: ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്ന സൂപ്പര്‍ സണ്‍ഡേ. കാല്‍പ്പന്തുകളിയുടെ എക്കാലത്തെയും മികച്ച വിരുന്നിനാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്.
ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന് ടിക്കറ്റിനായി ആരാധകരുടെ മരണപാച്ചില്‍. മൂന്നാം സീസണില്‍ ഇത് രണ്ടാംതവണയും കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടുന്നത്. ഇത് രണ്ടാംതവണയാണ് ഇരുടീമുകളും ഫൈനലില്‍ കടക്കുന്നത്. ഡല്‍ഹിയെ കീഴടക്കി ബ്ലാസറ്റേഴ്‌സ് സെമിയില്‍ പ്രവേശിച്ചതോടെ തന്നെ കൊച്ചിയിലെ ഫൈനലിന്റെ ടിക്കറ്റുകള്‍ക്ക് ഡിമാന്റ് കൂടിയിരുന്നു. ഓണ്‍ലൈനായുള്ള ടിക്കറ്റുകള്‍ അന്ന് തന്നെ വിറ്റ് തീര്‍ന്നു. സ്റ്റേഡിയത്തിലെ കൗണ്ടറുകളിലെ ടിക്കറ്റ് വില്‍പ്പന ഇന്നലത്തോടെ അവസാനിപ്പിച്ചു. അര ലക്ഷത്തിലേറെ ആരാധകര്‍ മഞ്ഞപടയ്ക്കായി ആര്‍ത്തിരമ്പാന്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍.

ആശാന്റെ ശിഷ്യന്‍മാര്‍

കേരള ബ്ലാസ്റ്റേഴ്സ് എന്ന ശരാശരി ടീമിനെ ഫൈനല്‍ വരെ എത്തിച്ചത് കോച്ച് സ്റ്റീവ് കോപ്പല്‍ എന്ന ഇഗ്ലീഷുകാരന്റെ മിടുക്ക് തന്നെയാണ്. എതിര്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി ഗെയിം പ്ലാനില്‍ മാറ്റം വരുത്തുന്നതിലുളള തന്റെ മികവ് എല്ലാ മത്സരങ്ങളിലും കോപ്പല്‍ കാട്ടി തന്നു. രണ്ടാം പകുതിയില്‍ കേരളത്തിന്റ കളിമാറുന്നത് ഇതിന്റെ തെളിവാണ്. പ്രതിരോധത്തിലാണ് കേരളത്തിന്റെ കരുത്ത് എന്ന് മനസ്സിലാക്കിയാണ് കോപ്പലിന്റെ തന്ത്രങ്ങളെല്ലാം. ആരോണ്‍ ഹ്യൂസ്, ഹെബര്‍ട്ട്,ജിങ്കാന്‍ ഏത് ആക്രമണത്തേയും ഫലപ്രദമായി തടഞ്ഞിടും. ഹോസു ഇല്ലാത്തതുമാത്രമാണ് കേരളത്തിന്റെ ഏകവെല്ലുവിളി. ആധ്വാനിച്ച് കളിക്കുന്ന സി.കെ.വിനീതും,ബെല്ല് ഫോര്‍ട്ടും മുന്നേറ്റത്തിന് ആവേശം നല്‍കുന്നു.

കരുത്തരാണ് കൊല്‍ക്കത്ത

ഐഎസ്എല്ലിലെ ഏറ്റവും കരുത്തുറ്റ ടീമാണ് കൊല്‍ക്കത്ത. മികച്ച് ആക്രമണ നിരയും ഭാവന നിറഞ്ഞ മധ്യനിരയും ഇളക്കം തട്ടാത്ത പ്രതിരോധവുമുളള ടീം. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി കളിച്ച ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ ഗോള്‍ മെഷീന്‍. ഹ്യൂമിനൊ മുന്നേര്രത്തിലുളളത് മാര്‍ക്കി താരം ഹെല്‍ഡര്‍ പോസ്റ്റിഗയും. ലാറിയും ഡ്യൂട്ടിയും വിങ്ങുകളിലൂടെ ആക്രമണം നട്ത്തുമ്പോള്‍ തടയാന്‍ നമ്മുടെ പ്രതിരോധ നിര നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. മധ്യനിരയില്‍ സ്റ്റീവന്‍ പീയേഴ്സണും, ക്യാറ്റന്‍ ബോഹാ ഫെര്‍ണാഡസും അപകടകാരികളാണ്.

പന്ത്രണ്ടാമന്റെ കരുത്ത് കേരളത്തിന്

കൊച്ചിയിലെ ഇരമ്പി ആര്‍ത്ത് എത്തുന്ന കാണികള്‍ മഞ്ഞപടയ്ക്ക് ഊര്‍ജ്ജമാണ്. കേരളത്തിന്റെ ഓരോ നീക്കത്തിനും ആവേശം നല്‍കുന്ന കാണികള്‍ ഗോളുകളില്‍ പൊട്ടിതെറിക്കും. ഇത്തരത്തിലുളള കാണികള്‍ക്ക് മുന്നില്‍ കളിക്കുക എതിരാളികള്‍ക്ക് വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി ഈ കാണികളെ വിളിക്കുന്നത്.