പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും: അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം.

പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെതിരെ രംഗത്ത് വന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബിജെപി അത് നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സമയത്ത് അവര്‍ക്ക് വോട്ട് ചെയ്തിരുന്നതിനാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയായിരുന്നു മമതാ ബാനര്‍ജി. എന്നാല്‍ ഇപ്പോഴവര്‍ തൃണമൂലിന് വോട്ട് ചെയ്യുന്നതിനാല്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് മമതയുടെ ശ്രമം. പാര്‍ട്ടി താത്പര്യത്തിന് മുന്‍ഗണന നല്‍കുകയാണ് തൃണമൂല്‍ ചെയ്യുന്നത്. എന്നാല്‍ രാജ്യതാത്പര്യങ്ങള്‍ക്ക് മുകളില്‍ ഒരു പാര്‍ട്ടിയുടെയും താത്പര്യങ്ങള്‍ കടന്നുവരാന്‍ ബിജെപി അനുവദിക്കില്ല- അമിത് ഷാ പറഞ്ഞു.

എന്‍.ആര്‍.സി നടപ്പിലാകില്ലെന്നാണ് ദീദി പറയുന്നത്. അനധികൃത കുടിയേറ്റക്കാരില്‍ ഒരാള്‍പോലും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. അഭയാര്‍ഥികളായവര്‍ക്ക് പുറത്തുപോകേണ്ടി വരില്ല, അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയുമില്ല, ഇതാണ് ബിജെപിയുടെ വാഗ്ദാനം- അദ്ദേഹം വിശദീകരിച്ചു.