വട്ടിയൂർകാവിൽ കുമ്മനമില്ല; മത്സരിക്കാൻ എസ് സുരേഷ്

തിരുവനന്തപുരം: വട്ടിയൂർകാവിൽ കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർത്ഥിയാവില്ല.പകരം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ എസ് സുരേഷ് മത്സരിക്കും. വട്ടിയൂർകാവിൽ കുമ്മനം സ്ഥാനാർത്ഥിയാവുമെന്ന് ഇന്നലെ ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പറഞ്ഞിരുന്നു.പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന നിലപാടാണ് കുമ്മനം സ്വീകരിച്ചത്. എന്നാൽ ഇവയെല്ലാം തള്ളിയാണ് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോന്നിയിൽ കെ സുരേന്ദ്രന്‍, അരൂരിൽ കെ പി പ്രകാശ് ബാബു ,എറണാകുളത്ത് സി ജി രാജഗോപാലും മത്സരിക്കും മഞ്ചേശ്വരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി. ഒ.രാജഗോപാൽ അടങ്ങുന്ന ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ വട്ടിയൂർകാവിൽ കുമ്മനം മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ വി. മുരളീധര പക്ഷമാണ് ഇതിനെ എതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വി.വി രാജേഷിനെ വട്ടിയൂർകാവിൽ മത്സരിപ്പിക്കണമെന്നാണ് മുരളീധര പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ തര്‍ക്കം ഉടലെടുക്കുമെന്ന സാഹചര്യത്തില്‍ സാധ്യതാപട്ടികയിൽ രണ്ടാമതുള്ള സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.