ഫ്ലാറ്റ് ഉടമകളുടെ ആവശ്യം തള്ളി; നാളെ തന്നെ ഒഴിയണം

മരട്: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം തള്ളി നഗരസഭ. ഫ്ലാറ്റ് ഒഴിയാനുള്ള സമയ പരിധി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ അറിയിച്ചു.

വ്യാഴാഴ്ചയോടെ താമസക്കാരെല്ലാവരും ഫ്‌ളാറ്റുകളില്‍നിന്നും പൂര്‍ണമായും മാറണം. താല്‍ക്കാലികമായി പുനസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വ്യാഴാഴ്ചയോടെ വീണ്ടും വിച്ഛേദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലാറ്റ് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിക്കെ ഒക്ടോബര്‍ പത്ത് വരെ കാലാവധി നീട്ടണമെന്നാണ് ഉടമകളുടെ ആവശ്യം.

താമസിക്കാനായി നഗരസഭ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ല. അതുകൊണ്ട് തന്നെ 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ലെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കണമെന്നും രണ്ടു ദിവസത്തിനകം ഫ്ലാറ്റ് ഒഴിയുന്നത് പ്രായോഗികമല്ലെന്നും ഉടമകള്‍ പറഞ്ഞു.