ആര്‍.എസ്.എസില്‍ ആജീവനാന്ത അംഗത്വമെടുത്ത് ഗാന്ധിയെ പുണരുന്നതെങ്ങനെ?

ന്യൂഡല്‍ഹി: എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ് മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനമെന്നും അതിന് ബി.ജെ.പിക്കാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗാന്ധിയോടുള്ള തീവ്രമായ അനിഷ്ടം വച്ചു പുലര്‍ത്തുന്ന ആര്‍.എസ്.എസിന്റെ സ്‌കൂളിലാണ് മോദി പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ ബിസിനസ് ലൈനിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ സമീപനത്തില്‍ വൈരുദ്ധ്യമുണ്ട്. ഗാന്ധിയുടെ ബഹുസ്വരതയെയും സഹിഷ്ണുതയെയും ന്യൂനപക്ഷ പ്രീണനമായാണ് സംഘ്പരിവാര്‍ വ്യാഖ്യാനിച്ചത്. അഹിംസയായിരുന്നു ഗാന്ധിയുടെ മാര്‍ഗം. അതിനെ ദൗര്‍ബല്യമായാണ് അവര്‍ കണ്ടത്. തന്റെ ഹീറോകളില്‍ ഒരാളായി മോദി പറയുന്ന വി.ഡി സവര്‍ക്കര്‍ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തയാളായിരുന്നു- തരൂര്‍ പറഞ്ഞു.

ഇന്ന് എല്ലാ വിധ ഹിന്ദുത്വ മനോഭാവങ്ങളോടും കൂടെ, സവര്‍ക്കറെ സ്തുതിച്ച്, സംഘ്പരിവാറില്‍ ആജീവനാന്ത അംഗീകാരമെടുത്ത് മോദി ഗാന്ധിയെ പുണരുകയാണ്. സ്വാച്ഛ് ഭാരതിന്റെ ചിഹ്നത്തിന് പോലും ഗാന്ധിയുടെ കണ്ണടയാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. സ്വച്ഛ് ഹി സേവയിലൂടെ ഗാന്ധിയുടെ ആശയമാണ് പുനരുജ്ജീവിപ്പിക്കുന്നത് എന്ന് അദ്ദേഹം പയുന്നു. ഇത് ഗാന്ധിസത്തിലേക്കുള്ള ആത്മാര്‍ത്ഥമായ മാറ്റമല്ല- തരൂര്‍ ചൂണ്ടിക്കാട്ടി. മോദിയുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ ഗാന്ധിക്കു പകരം അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ മാറ്റി പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അവരുടെ കണ്ണില്‍ ഗാന്ധി വധം രാജ്യസ്‌നേഹം നിറഞ്ഞ പ്രവൃത്തിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഗാന്ധി ലോകത്തിന് കാണിച്ചു കൊടുത്ത മൗലികമായ ആശയങ്ങള്‍. ഗാന്ധിയുടെ ആ പാരമ്പര്യത്തില്‍ നിന്ന് ബി.ജെ.പി ഏറെ അകലെയാണ്- കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
സ്വച്ഛ് ഭാരത് അഭിയാന്‍, വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കല്‍, വൈദ്യുതി-വെള്ള-പാചകവാതക വിതരണത്തിലൂടെ ഗ്രാമങ്ങളിലെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവ നടപ്പാക്കിയ ഇടത്താണ് യാഥാര്‍ത്ഥ്യങ്ങള്‍ കിടക്കുന്നത്. ഉദാഹരണത്തിന് ഗ്രാമങ്ങളില്‍ നിര്‍മിച്ച കക്കൂസുകളില്‍ 60 ശതമാനത്തിനും വെള്ളമില്ല. ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയെങ്കിലും 92 ശതമാനം സ്ത്രീകള്‍ക്കും അത് റീഫില്‍ ചെയ്യാനുള്ള പണമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വിശ്വാസങ്ങളെയും പുണരുകയും ആദരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമായാണ് ഹിന്ദുയിസത്തെ ഗാന്ധി കണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.