ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുത്: ജി. സുധാകരൻ

തിരുവനന്തപുരം: റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഷാനിമോൾ ഉസ്മാനെതിരെ കൂടുതൽ നടപടികളിലേക്ക് ഇപ്പോൾ പോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ.തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുതെന്ന് മന്ത്രി നിർദ്ദേശം നൽകി. റോഡ് നിർമ്മാണ പ്രവർത്തി തടസ്സപ്പെടുത്തിയത് ശരിയായ നടപടിയല്ല. തുടർന്നുവന്ന നിർമ്മാണ പ്രവർത്തിയാണ് ഷാനിമോൾ തടസ്സപ്പെടുത്തിയത്. ജനങ്ങൾക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോൾ ശ്രമിച്ചത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഷാനിമോൾ അപമാനിച്ചു. പുതിയ ജോലിയല്ല അവിടെ നടക്കുന്നതെന്ന് ഷാനിമോൾക്ക് അറിയാം. എങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോൾക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നു സുധാകരൻ വ്യക്തമാക്കി. തന്റെ വകുപ്പിന്റെ പേരിൽ ഷാനിമോളെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എരമല്ലൂർ-എഴുപുന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. പി.ഡബ്ല്യൂ.ഡി തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ എസ്പിക്കാണ് ഷാനിമോൾക്കെതിരായി പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തുന്നതിന് അരൂർ പൊലീസിന് പരാതി കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 27ന് രാത്രി 11 മണിക്ക് ഷാനിമോൾ ഉസ്മാനും 50ഓളം കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വന്ന് റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ തടഞ്ഞ ഷാനിമോളും പ്രവർത്തകരും പണി നടത്താൻ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിർമ്മാണപ്രവർത്തനം നടത്തിയത് തടയുകയാണ് ഷാനിമോൾ ഉസ്മാൻ ചെയ്തതെന്നും, കേസ് രാഷ്ട്രീയ പ്രതികാരം മൂലമാണെന്നും കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂർ പ്രതികരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു മുതൽ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തിയാണിതെന്നും ഇതാണ് ഷാനിമോളുടെ നേതൃത്വത്തിൽ തടഞ്ഞതെന്നും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് ഷാനിമോൾ.