ഇന്ത്യ-പാക് ആണവയുദ്ധം ലോകത്തിന് ഭീഷണിയാകും

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം ഉണ്ടായാൽ കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിക്കുമെന്ന് പഠനം.ഒരു ദശാബ്ദക്കാലം നീണ്ടുനിൽക്കുന്ന ആഗോള അന്തരീക്ഷ ദുരന്തമായിരിക്കും ലോകത്തെ ബാധിക്കുകയെന്നും പഠനം പറയുന്നു. ജേണൽ സയൻസ് അഡ്വാൻസസിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇന്ത്യൻ വിദഗ്ധർ ആണവായുധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് പറയുന്നത്. ആണവായുധത്തിനുള്ള സാഹചര്യമുണ്ടായാൽ ഇന്ത്യയും പാകിസ്താനും 100,150 സ്ട്രാറ്റജിക് ആണവായുധങ്ങൾ ഉപയോഗിക്കും. ഇത് 16-36 ദശലക്ഷം ടൺ ബ്ലാക് കാർബൺ ആണ് പുറത്തുവിടുക. ഇത് അന്തരീക്ഷത്തിൽ പടർന്ന് സൂര്യകിരണം ഭൂമിയിൽ പതിക്കുന്നതിന് തടസ്സമുണ്ടാക്കും. 20 മുതൽ 35 ശതമാനം വരെ സൂര്യപ്രകാശത്തെ ഈ പുക തടസ്സപ്പെടുത്തും. ഇതോടെ ഉപരിതലം രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ തണുത്ത അവസ്ഥയിലാകും.

‘മഴയുടെ അളവ് 30 ശതമാനം വരെ കുറയ്ക്കും. സസ്യങ്ങൾ സംഭരിക്കുന്ന ഊർജ്ജത്തിന്റെ അളവ് ഭൂമിയിൽ മൂന്നിലൊന്നായി കുറയും. തണുത്ത കാലാവസ്ഥയിൽ ധാന്യവിളകൾ കുറയും, കുറഞ്ഞ സൂര്യപ്രകാശം, ഓസോൺ പാളിയുടെ ബലക്ഷയം കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കാൻ ഇടയാക്കും.’-റുട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസറും പഠനം നടത്തിയവരിൽ ഒരാളുമായ അലൻ റോബോക് പറഞ്ഞു. ജനസാന്ദ്രത ഏറിയ രാജ്യങ്ങളായതിനാൽ ഇന്ത്യയിലും പാകിസ്താനിലും മരണസംഖ്യ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നഗര പ്രദേശങ്ങളിലേക്കായിരിക്കും ഇരുരാജ്യങ്ങളും ആക്രമണം കൂടുതൽ നടത്തുക. നഗരങ്ങളിലെ ജനസാന്ദ്രതയനുസരിച്ച് ഇന്ത്യയെ അപേക്ഷിച്ച് പാകിസ്താനിൽ മരണസംഖ്യ രണ്ടിരട്ടി വർദ്ധിക്കുമെന്ന് പഠനം പറയുന്നു. എന്നാൽ, ഇത്തരമൊരു യുദ്ധത്തിനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇരുരാജ്യങ്ങളുടേയും സംസ്‌ക്കാരവും സമൂഹവും ഇതിനലുള്ള സാദ്ധ്യത ഇല്ലാതാക്കുന്നതാണ്. ഇരുരാജ്യങ്ങളും ഒരിക്കലും ഉന്മൂലന യുദ്ധങ്ങൾ നടത്തിയിട്ടില്ല.’-ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ച് പ്രൊഫസർ ഭാരത് കർനാഡ് പറഞ്ഞു. പ്രതിരോധത്തിന് വേണ്ടിമാത്രമാണ് യുദ്ധ ഭീഷണി മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ