ബഹാമാസിന് സഹായവുമായി “മാസ്ക്” മയാമിയും ഓറഞ്ച് വിംഗ്സ് ഏവിയേഷനും

മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും ലോകത്തിന്റെ ഏത് കോണിലും ഒരുപോലെയാണ്. അവിടെയെല്ലാം കാരുണ്യത്തിന്റെ വിരലുകൾ നീട്ടുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവർക്ക് മറ്റൊരാളെ സഹായിക്കുവാൻ കാല ദേശ വിത്യാസങ്ങളില്ലാതെ സാധിക്കും.

കേരളത്തിൽ പ്രളയയ ദുരന്തം ഉണ്ടായ സമയത്ത് തന്നെ ലോകത്തെ തന്നെ ദുരിതത്തിലാഴ്ത്തിയ ദുരന്തമായിരുന്നു ബഹാമസ്  ദ്വീപിൽ ഉണ്ടായത്. ഡോറയൻ ചുഴലിക്കാറ്റ് പതിനായിരക്കണക്കിനാളുകളുടെ ജീവിതമാണ് ഇല്ലാതാക്കിയത്. ബഹാമ സിലേക്ക് യു.എൻ തുടങ്ങി മറ്റു പല ഏജൻസികളുടയും സഹായം എത്തുന്ന അവസരത്തിലാണ് ഫ്ലോറിഡയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വലിയ സഹായങ്ങളുമായി ബഹാമസിലേക്ക് പോയത് .
മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും (MASC) ,ഏവിയേഷൻ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായ ഓറഞ്ച് വിംഗ് സ് ഏവിയേഷൻ അക്കാദമിയും  സംയുക്തമായാണ് ഈ സഹായഹസ്തം ബഹാമസിനു നേരെ നീട്ടിയത് .  ഓറഞ്ച് വിംഗ് സ് ഏവിയേഷൻ അക്കാദമി മാനേജിംഗ് ഡയറക്ടർ വിപിൻ വിൻസന്റിന്റേയും മാസ്ക് ക്ലബ് രക്ഷാധികാരി നോയൽ മാത്യു ,ജനറൽ സെക്രട്ടറി ജിനോ  കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വളരെ വേഗം പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുകയായിരുന്നു.ബഹാമസ് പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്ക്  വേണ്ട സാധനങ്ങൾ ശേഖരിക്കുവാൻ തീരുമാനിക്കുകയും ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ കളക്ഷൻ സെന്ററുകൾ തുടങ്ങുകയും ചെയ്തു. ഒരു വ്യക്തിയിൽ നിന്നും ഒരു ഡോളർ പോലും സ്വീകരിക്കുന്നില്ല എന്ന് തീരുമാനിക്കുകയും അതേ സമയം പ്രളയ ദുരന്തത്തിന്റെ തീവ്രത മനസിലാക്കി ആ ജനങ്ങൾക്ക് വേണ്ട സാധനങ്ങൾ മാത്രം സ്വീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നോയൽ മാത്യുവും, ജിനു കുര്യാക്കോസും വിപിൻ വിൻസന്റും ഇ മലയാളിയോട് പറഞ്ഞു.
ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ കളക്ഷൻ സെന്റെറുകൾ തുറന്നു.വിവിധ സംഘടനകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, വ്യക്തികൾ എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുകയായിരുന്നു. ലോകത്തെവിടേയും മനുഷ്യന്റെ വേദനകൾ ഒന്നാണെന്ന വലിയ തിരിച്ചറിവിൽ നിന്നാണ് ഏത് സഹായ ഹസ്തവും മനുഷ്യ സമൂഹത്തിന് നേരെ നീളുന്നത്. കളക്ട് ചെയ്യുന്ന സാധനങ്ങൾ നേരിട്ടു തന്നെ ബഹാമസിൽ എത്തിക്കാനായിരുന്നു തീരുമാനം. ആദ്യ ഘട്ടത്തിൽ 25000 പൗണ്ട് സാധനങ്ങൾ കളക്ട് ചെയ്ത് എത്തിക്കാനായിരുന്നു തീരുമാനം. അത്ഭുതമെന്ന് പറയട്ടെ 35000 പൗണ്ട് സാധനങ്ങൾ ആദ്യഘട്ടത്തിൽ എത്തിക്കാൻ സാധിച്ചു. ആറ് തവണ പൈലറ്റ് റോസ് കപ്ലാൻ ബഹാമസിലേക്ക് വിമാനം പറത്തി. യു എൻ ,റെഡ് ക്രോസ് തുടങ്ങി നിരവധി സംഘടനകൾ നേതൃത്വം നൽകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം ഫ്ലോറിഡയിലെ മലയാളി സമൂഹത്തിനും ഒപ്പം കൂടാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുമ്പോഴും തങ്ങളെ ഏറ്റവും വിഷമപ്പെടുത്തിയത് ബഹാമസിനെ കൊടുങ്കാറ്റു വിഴുങ്ങിയ കാഴ്ചകളായിരുന്നു. നാൽപ്പത് മണിക്കൂറോളം തുടർച്ചയായി ഉണ്ടായ കൊടുങ്കാറ്റിൽ എല്ലാ പച്ചപ്പുകളും ഉണങ്ങി ഇല്ലാതായ കാഴ്ച്ച അതിഭീകരമായിരുന്നു. ആ അവസ്ഥയെ അതിജീവിക്കുവാൻ ,ആ ജനതയ്ക്കൊപ്പം നിൽക്കുവാൻ ഒരു ചെറിയ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കായി എന്നതിൽ അഭിമാനമുണ്ടെന്ന് നോയലും, വിപിനും ,ജിനുവും ഒരേ സ്വരത്തിൽ പറയുന്നു.

വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ പ്രളയവും കൊടുങ്കാറ്റും ഇല്ലാതാക്കിയപ്പോൾ അവർക്ക് വേണ്ട അടിയന്തിര സഹായം എത്തിക്കുക എന്നതു മാത്രമായിരുന്നു മാസ്കി ന്റെ  ലക്ഷ്യം. ആരിൽ നിന്നും പണം സ്വീകരിക്കാതെ സാധന സാമഗ്രികൾ മാത്രം സ്വീകരിക്കുകയും, അത് നേരിട്ട് എത്തിക്കുവാനും തീരുമാനിക്കുകയായിരുന്നു. തികച്ചും സൗജന്യമായി ബഹാമസിൽ എത്തിക്കുന്ന ഉത്തരവാദിത്വം ഓറഞ്ച് വിംഗ്സ് ഏവിയേഷൻ ഏറ്റെടുത്തതോടെ എല്ലാം എളുപ്പത്തിലായി മാറി.

മയാമിയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഊർജ്ജം. ചില സുമനസുകളേയും, സംഘടനകളേയും ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. മയാമി മലയാളി അസോസിയേഷൻ (MMA ) പാം ബീച്ച് മലയാളി അസോസിയേഷൻ, ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് കോറൽ സ്പ്രിംഗ്സ്, സെന്റ് മേരീസ് യാക്കോബായ ചർച്ച്, കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ, സൗത്ത്  ഫ്ലോറിഡ അയ്യപ്പ ഭജന സംഘം, നന്മ ഗ്രോസറി കൂപ്പർ സിറ്റി, ഡ്രം ലൗ വേഴ്സ് ഓഫ് ഫ്ലോറിഡ, റോയൽ ഇന്ത്യൻ മാർക്കറ്റ് മയാമി. കോറൽ സപ്രിംഗ്സ് സ്പൈക്കേഴ്സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളും ,ക്ലബ്ബുകളുമൊക്കെ ഈ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചു.
ബഹാമസിലേക്കുള്ള വിമാനയാത്രയ്ക്ക് ഫ്ലോറിഡ ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് വികാരി ഫാ.ജോൺസ്റ്റി പച്ചക്കൊടി വീശി .മാസ്ക് രക്ഷാധികാരി നോയൽ മാത്യു, ഓറഞ്ച് വിംഗ് സ് ഏവിയേഷൻ സി ഇ ഒ വിപിൻ വിൻസന്റ് ,മാസ്ക് സെക്രട്ടറി ജിനോ കുര്യാക്കോസ്, നിധേഷ് ജോസഫ്, അജിത് വിജയൻ ,ജോബി കൊറ്റം, ജോഷി ജോൺ, മനോജ് കുട്ടി, ഷെൻസി മാണി, അജി വർഗീസ്, വിഷ്ണു, ചാർളി പൊറത്തൂർ, രഞ്ചിത്ത് രാമചന്ദ്രൻ , സുധീഷ് പി.കെ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഫോമാ ആർ വി പി ബിജു തോന്നിക്കടവിൽ ,ഫൊക്കാനാ വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ  സന്നിഹിതരായിരുന്നു.