ഒരായുസ്സിന്റെ അർത്ഥശാസ്ത്രം

 റസിയ മമ്പാട് 
നിഴലായി നീയെന്നെ
നിലക്കാത്തൊരക്ഷര-
വാളായി പിന്നിൽ
തുടരുകിൽ – ഞാൻ
നീറി ജീവിക്കും
നീളുമീയായുസ്സിൽ
നേരമ്പോക്കായും
ധരിക്കവേണ്ട.,
അക്ഷരപ്പരിചയുമേന്തി
നടക്കുവോർക്കെന്തി –
നണ്വായുധം?
പേനയാണായുധം’
പിന്നാലെ വന്നെന്നെ
പിന്തിരിപ്പിക്കുവാൻ, പ്രാണൻകൊടുത്താലും
പെണ്ണേ നിനക്കാവില്ല.
നീ ജ്വലിപ്പിക്കുമീ
തത്വശാസ്ത്രത്തെയും
തീയുതിർക്കും മൂർച്ചയേറും വചസ്സിലും
എന്നെത്തിരിച്ചു
പിടിക്കുവാനാവില്ല.
ഒരല്പായുസ്സിന്റെ
തുളയടക്കാൻ
ഒരു കുഞ്ഞു തോണി _
യുമോർമ്മകളും…..
ഒരു തോണിക്കാരന്റെ പുഞ്ചിരിയും…
പ്രേമമോലും എൻ
മനസ്സും മതി.