ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ല; നുഴഞ്ഞുകയറ്റക്കാർക്ക് പോകേണ്ടി വരും

ബൊക്കാരോ: നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി)യെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പ്രസ്താവന. ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ലെന്ന് നദ്ദ പറഞ്ഞു.’വരും കാലങ്ങളിൽ, നുഴഞ്ഞുകയറ്റക്കാരൻ നമ്മുടെ രാജ്യത്ത് തുടരാത്ത ക്രമീകരണങ്ങൾ ഞങ്ങൾ നടത്തും. നുഴഞ്ഞുകയറ്റക്കാർ പുറത്തുപോകുകയും പുറത്ത് പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യ അഭയം നൽകുകയും ചെയ്യും. ഇത് ഒരു രാജ്യമാണ്, ഒരു സത്രമല്ല.’-നദ്ദ പറഞ്ഞു.

വെള്ളിയാഴ്ച ജാർഖണ്ഡിലെ ബൊക്കാരോയിൽ നടന്ന വിജയ് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബാർ ദാസ്, സംസ്ഥാന ബി.ജെ.പി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 370-ാം അനുച്ഛേദം റദ്ദാക്കൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്യൂസ്റ്റൺ സന്ദർശനം, അഴിമതിക്കെതിരായ സർക്കാരിന്റെ നടപടികൾ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചും തന്റെ പ്രസംഗത്തിൽ നദ്ദ പറഞ്ഞു. ”നിങ്ങൾ ഓർക്കുന്നുവെങ്കിൽ, അഞ്ച് വർഷം മുമ്പ് അഴിമതി വ്യാപകമായിരുന്നു. ദുർബലമായ സർക്കാരുകൾക്ക് സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ല,”- അദ്ദേഹം പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിട്ടും, വിവാദമായ എൻആർസി അസമിനു ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പാക്കുമെന്ന് നരേന്ദ്ര മോദി സർക്കാർ പറഞ്ഞിട്ടുണ്ട്.