കൂടത്തായി ദുരൂഹമരണം; നാലു പേര്‍ കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയടക്കം നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യ ജോളി, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ, ജ്വല്ലറി ജീവനക്കാരൻ മാത്യു എന്നിവരെ ഇന്നു രാവിലെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ വടകര റൂറൽ എസ്.പി ഓഫീസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യുകയാണ്. ഇവർ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്ന് പുലർച്ചെ വനിതാപൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ക്രൈംബ്രാഞ്ച് എസ്.ഐ ജീവൻ ജോർജ് ജോളിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംശയനിഴലിലുള്ളവരെ ബ്രെയിൻമാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കാനും ആലോചനയുണ്ട്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ, മകൻ റോയിതോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. 2002ലായിരുന്നു ആദ്യ മരണം. മരണങ്ങൾക്കെല്ലാം സമാന സ്വഭാവവുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. 2011ൽ മരിച്ച റോയി തോമസിന്റെ മൃതദേഹമൊഴികെ മറ്റ് അഞ്ചുപേരുടേതും പോസ്റ്റുമോർട്ടം നടത്താതെയാണ് സംസ്‌കരിച്ചത്. റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഈ മരണങ്ങളിൽ സംശയമുയർത്തി അമേരിക്കയിൽ ജോലിചെയ്യുന്ന റോയിയുടെ ഇളയ സഹോദരൻ റോജോ ജില്ല പൊലീസ് മേധാവി കെ.ജി സൈമണിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാൻ കണ്ണൂർ റേഞ്ച് ഐ.ജി അനുമതി നൽകിയത്. ഈ അന്വേഷണത്തിനിടെയാണ് ബന്ധുക്കളായ മറ്റ് അഞ്ചുപേരുടെയും മരണത്തിലും സമാനതകൾ കണ്ടെത്തിയതും കൊലപാതകമാണെന്ന് സംശയിക്കാനുമിടയായത്. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി മരിച്ച ആറുപേരുടേയും മൃതദേഹം ഇന്നലെ കല്ലറ പൊളിച്ച് പുറത്തെടുത്തിരുന്നു. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച എല്ലും പല്ലുകളും ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. ജോളിക്ക് സയനൈഡ് നല്‍കിയതിനാണ് താമരശ്ശേരി സ്വദേശിയായ ജ്വല്ലറി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോളിക്ക് ആദ്യ ബന്ധത്തിൽ രണ്ട് ആൺമക്കൾ ഉണ്ട്. ഇവർ വിദ്യാർഥികളാണ്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് ജോളി. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജു മരിച്ച ടോം ​തോ​മ​സിന്റെ സഹോദര പുത്രനാണ്.