എ​.ടി​.എം ഉ​പ​യോ​ഗ​ത്തി​ന് വീ​ണ്ടും ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തുന്നു

നോട്ട് ക്ഷാമത്തിൽ വലയുന്ന ജനത്തിന്   ഇരുട്ടടിയുമായി  ബാങ്കുകൾ

കൊച്ചി: നോട്ട് ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ പതിയെ പിന്‍വലിച്ചു തുടങ്ങി.  ഡിസംബര്‍ 30 വരെ പ്രഖ്യാപിച്ച സൗജന്യ എടിഎം ഉപയോഗം എന്ന ഓഫറാണ് ഇന്നലെ മുതല്‍ ബാങ്കുകള്‍ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നത്.
അഞ്ച് ഉപയോഗത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കും എന്ന് കാണിച്ച് എസ്എംഎസ് സന്ദേശം ഇന്നലെ മുതല്‍ ഉപഭോക്താക്കൾക്ക്  ലഭിച്ചു തുടങ്ങി. നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുശേഷം ധനമന്ത്രിയാണ് ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കിന്‍റെ പത്രകുറിപ്പും അതു സംബന്ധിച്ച് പുറത്തിറങ്ങിയിരുന്നു.
എന്നാല്‍ പണം പിന്‍വലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ മേയ് മാസം വരെ നീളും എന്നാണ്  അവസാനം വന്ന വാർത്തകൾ പറയുന്നത് . ഇങ്ങനെയിരിക്കയാണ് ബാങ്കുകളുടെ ഈ നീക്കം. ഒരു ദിവസം 2000രൂപ വീതം പിന്‍വലിക്കാന്‍ അനുമതിയുള്ള നിലവിലെ സാഹചര്യത്തില്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചാല്‍ നല്ലൊരു തുക ബാങ്കുകള്‍ക്ക് ലഭിക്കും.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് പുറമെയാണിതുകൂടി കിട്ടാന്‍ പോകുന്നത്. പണം പിന്‍വലിക്കുന്നത് 15 രൂപയും, ബാലന്‍സ് നോക്കുന്നതിന് 8 രൂപവരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ റിസര്‍വ് ബാങ്ക് പുതിയ നിലപാടുകള്‍ അറിയിച്ചിട്ടുമില്ല.
2014 ല്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഒരു വര്‍ഷം ഏകദേശം 400 കോടിയോളമാണ് സൗജന്യമായി എ ടിഎം സേവനം നല്‍കുന്നതിന് ഒരു ബാങ്കിന് 400 കോടിയോളമാണ് ചിലവ് വരുന്നത്. അതിന്‍റെ ക്ഷീണം താങ്ങാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബാങ്കുകള്‍.