കുമ്മനടി പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ ക്ഷമചോദിക്കുന്നു; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരേ നടത്തിയ ‘കുമ്മനടി’ പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു.

ബിജെപി വോട്ടുകള്‍ ചോരാതിരിക്കാനാണ് കുമ്മനം ശ്രമിക്കേണ്ടത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും കടകംപള്ളി പറഞ്ഞു.

തനിക്കെതിരായ കുമ്മനത്തിന്റെ ആരോപണങ്ങള്‍ ജനങ്ങളും കോടതിയും നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രശാന്തിനെ അവഹേളിക്കുന്ന ബിജെപിയുടെ പ്രചാരണം ശരിയല്ല. കഴിഞ്ഞ പ്രളയകാലത്തൊന്നും വട്ടിയൂര്‍കാവിലെ ബിജെപിയുടേയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയേയും എവിടേയും കണ്ടിട്ടില്ല. പ്രശാന്ത് ജനങ്ങളുടെ സ്ഥാനാര്‍ഥിയാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.