കുടിയേറ്റ നിയന്ത്രണ നിയമവുമായി ട്രംപ്; കൂടുതല്‍ ബാധിക്കുക ഇന്ത്യയ്ക്കാരെ

ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തേക്ക് കുടിയേറുന്നവര്‍ ആരോഗ്യച്ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാനുള്ള വ്യവസ്ഥയിലാണ് ട്രംപ് ഒപ്പുവച്ചത്. യു.എസ് ആരോഗ്യ സംവിധാനത്തിന് ഭാരമാകാത്തവര്‍ക്ക് മാത്രമേ ഇനി വിസ നല്‍കൂ. അമേരിക്കയുടെ നികുതിപ്പണത്തില്‍ നിന്ന് തുക ചെലവഴിച്ച് ഇവിടത്തെ ആരോഗ്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനാകില്ല- വ്യവസ്ഥയില്‍ ഒപ്പുവയ്ക്കവെ ട്രംപ് വ്യക്തമാക്കി. നവംബര്‍ മൂന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ കുടിയേറ്റ വിസയുള്ളവര്‍ക്ക് ഇതു ബാധകമല്ല. അഭയാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും മേല്‍ നിയമം പ്രയോഗിക്കില്ല.പുതിയ നിയമം 23000 ഇന്ത്യയ്ക്കാരെ ബാധിക്കുമെന്ന് ഒബാമ  ഭരണകൂടത്തില്‍ വൈറ്റ്ഹൗസിലെ കുടിയേറ്റ മന്ത്രാലയ വക്താവായിരുന്ന ഡൗങ് റാന്‍ഡ് പറയുന്നു. ഇന്ത്യയില്‍ നിന്ന് മുപ്പത്തി അയ്യായിരം കുടിയേറ്റക്കാരാണ് പ്രതിവര്‍ഷം യു.എസിലെത്തുന്നത്. ഇവരില്‍ മൂന്നിലൊന്നു പേര്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്കാരെ കൂടി ബാധിക്കുന്ന നിയമത്തില്‍ ട്രംപ് ഒപ്പുവച്ചത്.