എരിവും രുചിയുമുള്ള കുഴിപ്പണിയാരം

മിനി വിശ്വനാഥൻ 
പാട്ടിയമ്മയുടെ “രാശാത്തീ, ചിന്ന രാശാത്തീ” എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്.

തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി എഞ്ചിനീയർ വരെയുള്ള ഉദ്യോഗസ്ഥരൊക്കെ അവിടെയുള്ള ക്വാർട്ടേഴ്സുകളിലും ലൈൻ മുറികളിലുമായി താമസിച്ചു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ പരസ്പര സഹവർത്തിത്വത്തോട് കൂടിയായിരുന്നു അവരവിടെ കഴിഞ്ഞു കൂടിയിരുന്നത്.

ഞങ്ങളുടെ ക്വാർട്ടേഴ്സിന് കുറച്ചപ്പുറത്തായിരുന്നു ലൈൻമാനായിരുന്ന വേലാണ്ടിയും കുടുംബവും താമസിച്ചിരുന്നത്.
നിത്യവും ഏഴര എട്ടു മണിയോടെ സൈക്കിൾ മണിയടിച്ച് കൊണ്ട് രാമസ്വാമിയെ തോളിലിരുത്തി വേലാണ്ടിയും, ഭാര്യ ചെന്താമരയും ശെൽവിയും പാട്ടിയമ്മയും ഞങ്ങളുടെ ക്വാർട്ടേഴ്സിനു മുന്നിലെത്തും. വേലാണ്ടിയെ എനിക്ക് വല്യ പേടിയായിരുന്നു. പാകമല്ലാത്തൊരു കാക്കി യൂണിഫോമിനുള്ളിൽ ഒതുങ്ങിക്കൂടിയ വേലാണ്ടിയുടെ ചുവന്ന കണ്ണുകളേക്കാളും മുറുക്കാൻ കറപിടിച്ച പല്ലുകളേക്കാളും എന്നെ പേടിപ്പിച്ചത് സൈക്കിൾ ഹാൻഡിലിൻ തൂങ്ങിയാടുന്ന വലിയ വിരലുകൾ പുറത്തേക്ക് എറിച്ച് നിൽക്കുന്ന ചുവന്ന റബ്ബർ ഗ്ലൗസായിരുന്നു. വളയമായി ചുറ്റി വെച്ച ഇലക്ട്രിക്ക് ലൈൻ കമ്പികൾക്കിടയിലൂടെ ആ വിചിത്ര വസ്തു എപ്പോഴുമെന്നെ ഭയപ്പെടുത്തി.
പാട്ടിയമ്മ രാശാത്തീ എന്ന് എന്നെ വിളിക്കുമ്പോൾ ശെൽവിയും രാമസ്വാമിയും “കുട്ടി പാപ്പാ” എന്ന് കൊഞ്ചിക്കൊണ്ട് മീനയെ തൂക്കിയെടുത്ത് വേലാണ്ടിയുടെ സൈക്കിൾ ഹാൻഡിലിൽ കൊണ്ടിരുത്തം. ആ ചുവന്ന ഗ്ലൗസുകൾ മീനയെ പിടിച്ച് വിഴുങ്ങുമോ എന്ന പേടിയിൽ ഞാനുറക്കെ കരയും.വേലാണ്ടി കുഞ്ഞിനെ അമ്മയെ ഏല്പിക്കുന്നത് വരെ ഞാൻ ബഹളം വെക്കുമായിരുന്നു. പാട്ടിയമ്മ എന്നെ മടിയിൽ പിടിച്ചിരുത്തി എള്ളെണ്ണ മണമുള്ള അവരുടെ വിരലുകൾ കൊണ്ട് തലമുടിയിൽ തലോടി “പാട്ടിയമ്മ പണിയാരം ശമച്ച് തരുവേൻ, രാശാത്തി അഴകാതെ” എന്നു പറഞ്ഞ് സമാധാനിപ്പിക്കും.

ചെന്താമരയും വേലാണ്ടിയുടെ കൂടെ പോവും.. നിത്യ ക്കൂലിക്ക് ഓഫീസ് അടിച്ചുവാരലാണ് അവളുടെ ജോലി. അതു കഴിഞ്ഞ് ഒന്നു രണ്ട് വീടുകളിൽ കൈ സഹായത്തിനും പോവണമൾക്ക്. വേലാണ്ടിയുടെ കൈയിൽ വരുന്ന പണത്തിൽ പകുതിയും ”അന്തമാതിരി ഇന്തമാതിതി” ചിലവായിപ്പോവും. മകനെക്കുറിച്ച് ഏറെ കുറ്റം പറയാൻ പാട്ടിയമ്മക്ക് താത്പര്യമില്ലാത്തത് കൊണ്ട് മരുമകളെ നന്നായി സ്നേഹിക്കുകയും അവൾ “റൊമ്പ അറിവുള്ളവൾ ” എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്യും അവർ.

ഇവരൊക്കെ പോയിക്കഴിഞ്ഞാൽ പാട്ടിയമ്മ ഞങ്ങളുടെ വീടിനുമുന്നിലെ ഇത്തിരി സ്ഥലം അടിച്ചു വെള്ളം കുടഞ്ഞ് അരിപ്പൊടി കൊണ്ട് ഒരു കുഞ്ഞു കോലമിടും.
വെറുതെ തമിഴ് പാട്ടുകൾ പാടി നടക്കുന്ന ശെൽവിയെയും രാമസ്വാമിയെയും മാതൃസംഘത്തിലേക്ക് അയക്കുന്നതിന്റെ മുന്നോടിയായുള്ള പ്രാതൽ ഊട്ടലാണ് അടുത്ത പണി .. തന്റെ സഞ്ചിയിൽ ഭദ്രമായി വെച്ചിട്ടുള്ള അലൂമിനിയം തൂക്ക് പാത്രത്തിൽ നിന്ന് ചെറിയ വെളുത്ത ഉണ്ണിയപ്പം പോലെ ഒരു പലഹാരം എടുത്ത് അവരെ ഊട്ടും.. കൂട്ടത്തിൽ ഒരു ദോശ അമ്മ ഉണ്ടാക്കി പാട്ടിക്ക് കൊടുത്ത് എന്നെയും കഴിപ്പിക്കാൻ ആവശ്യപ്പെടും… പാട്ടിയുടെ വെളുത്ത പലഹാരക്കൈക്ക് വായ തുറന്ന് ദോശക്കൈക്ക് വായ മുറുക്കെ അടച്ച് ഞാൻ പാട്ടിയെ വിഷമിപ്പിക്കും… പണിയാരം തിന്ന് ഞാൻ വിശപ്പടക്കി, ദോശ തിന്ന് അവരും.

ഞാനങ്ങിനെ ഒരു പണിയാര പ്രിയയായി മാറി. ഗൂഢലൂര് വിട്ട് ഞങ്ങൾ വരികയാണെന്നറിഞ്ഞപ്പോൾ പാട്ടിക്ക് വല്ലാത്ത സങ്കടമായി. പണിയാരമുണ്ടാക്കുന്ന വിധം അമ്മയെ പഠിപ്പിച്ച് കൊടുത്തു.രാശാത്തി ചോദിക്കുമ്പോഴൊക്കെ ഇത് ഉണ്ടാക്കിക്കൊടുക്കണമെന്നും അമ്മയെ ചട്ടം കെട്ടി. പിന്നെ ആരും എന്നെ അത്ര വാത്സല്യത്തിൽ “രാശാത്തി” എന്ന് വിളിച്ചിട്ടില്ല. പാവം പാട്ടിയമ്മയുടെ ഓർമ്മയിൽ ഞാനുമൊരു എളുപ്പകുഴിപ്പണിയാരം ഉണ്ടാക്കി നോക്കി.

അധികം പുളിച്ച് പൊങ്ങാത്ത ഇഡലി മാവിൽ
ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത്, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ചേർത്ത് വെക്കണം …..
ഉണ്ണിയപ്പമുണ്ടാക്കുന്ന കുഴിയൻ പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് (നിറയെ എണ്ണ വേണ്ട ) ചൂടാവുമ്പോൾ കുറച്ച് കുറച്ച് മാവ് ഒരു വലിയ സ്പൂൺ കൊണ്ട് ഒഴിച്ചു കൊടുക്കുക.അടിവശം പാകമാവുമ്പോൾ ചെറിയ സ്പൂൺ കൊണ്ട് ഒന്ന് മറിച്ചിട്ടുകൊടുക്കുക. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉഗ്രൻ പ്രാതലാണിത്. കൂട്ടത്തിൽ തേങ്ങയും, പച്ചമുളകും ,ഇഞ്ചിയും കറിവേപ്പിലയും ചേർത്തരച്ച കട്ട തേങ്ങാച്ചമ്മന്തിയും ഇഢലിപൊടിയും കൂട്ടിനുണ്ടെങ്കിൽ സംഭവം കേമമായി.

വാത്സല്യ മധുരമായ ഓർമ്മകളോടൊപ്പം എരിവും രുചിയുമുള്ള കുഴിപ്പണിയാരം ഇവിടെ തയ്യാർ.