കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. ഡന്റല്‍ ക്ലിനിക്കില്‍ അവരെ എത്തിച്ചത് അതിന്റെ ഭാഗമായാണെന്നും ചോദ്യം ചെയ്യലിനിടെ ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നെന്നും ഷാജു ഏറ്റുപറഞ്ഞു.

കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്.

ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഷാജുവിനെ വിളിച്ചവരുത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കണ്ണീരോടെ ഷാജു തന്റെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞത്.

അതേസമയം, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ ഭയം കാരണമാണ് പുറത്തുപറയാതിരുന്നതെന്നും ജോളി തന്നേയും കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നെന്നും ഷാജു അന്വേഷണസംഘത്തിന് മുന്നില്‍ നേരത്തെ പറഞ്ഞിരുന്നു. അധ്യാപകനായിരുന്ന താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റാണു ചെയ്തതെന്നും ഷാജു പറഞ്ഞിരുന്നു.

നേരത്തെ കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും പോലീസ് അറസ്റ്റിനു ശേഷമാണ് താന്‍ എല്ലാം അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. താന്‍ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് ജോളി നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഷാജുവിനെതിരായി മാറുകയായിരുന്നു. ഇയാളുടെ ഭാര്യയായ സിലിയെ താനാണ് കൊന്നതെന്ന് ഷാജു അറിഞ്ഞിരുന്നുവെന്ന് ജോളി പൊലിസിനോട് വ്യക്തമാക്കിയിരുന്നു.അവള്‍ കൊല്ലപ്പെടേണ്ടവളാണെന്നും ഈ കാര്യം ആരും അറിയേണ്ടെന്നും തന്നോട് പറഞ്ഞതായും ജോളി മൊഴിനല്‍കി. ഇതിന് ശേഷമാണ് ഇയാളുടെ വീട്ടില്‍ ക്രാംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതും ശേഷം ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ