രാഹുല്‍ കംബോഡിയയില്‍ ധ്യാനത്തില്‍? ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിദേശത്തേക്കു പോയ രാഹുല്‍ഗാന്ധി കംബോഡിയയില്‍ വിപാസന ധ്യാനത്തിലെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബാങ്കോക്കിലേക്ക് പോയി എന്നായിരുന്നു വാര്‍ത്തകള്‍. ശനിയാഴ്ച വൈകിട്ടാണ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് രാഹുല്‍ വിദേശത്തേക്കു പോയത്. അദ്ദേഹം ഫോണ്‍വിളികളോട് പ്രതികരിക്കുന്നില്ല എന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതിനിടെ, ദസറയ്ക്ക് ശേഷം രാഹുല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലും താരപ്രചാരകരുടെ പട്ടികയില്‍ മുന്‍ അദ്ധ്യക്ഷന്റെ പേരുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും രാഹുല്‍ രാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്ത് ധ്യാനത്തിന് പോയിരുന്നു. മ്യാന്മറിലും കംബോഡിയയിലുമായി ധ്യാന കേന്ദ്രത്തില്‍ 56 ദിവസമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ധ്യാനത്തിന് ശേഷമുള്ള രാഹുലിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജസ്വലവും കര്‍ക്കശവുമായിരുന്നു. ഈ വരവിന് ശേഷവും അത്തരം ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചതിന് ശേഷം പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും രാഹുല്‍ നിലവില്‍ അകലം പാലിക്കുകയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അതീവ നിര്‍ണായകമായ തെരഞ്ഞെടുപ്പ് ആയതു കൊണ്ടു തന്നെ രാഹുലിന്റെ പ്രചാരണരീതി എങ്ങനെ ആകും എന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ലോക്‌സഭയിലെ കനത്ത തോല്‍വിക്കു ശേഷം വരുന്ന തെരഞ്ഞെടുപ്പ് ആയതു കൊണ്ട് വിശേഷിച്ചും. സമ്പദ് രംഗം അടിമുടി കുത്തഴിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള മികച്ച അവസരമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.