കൂടത്തായി കൊലക്കേസ്; അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും

കോഴിക്കോട്: കൂടത്തായി കൊലക്കേസ് അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും. വ്യാജവില്‍പത്രം ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം- മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളാണ് പോലീസ് നിരീക്ഷണത്തിലുള്ളത്.

സ്വത്തുകള്‍ ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്റെ ബന്ധുക്കളോ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു.

വ്യാജവില്‍പത്രത്തില്‍ ഒരു സാക്ഷി ഒപ്പിടിരുന്നത് സിപിഎമ്മിന്റെ കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ്. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാള്‍ക്ക് നല്‍കി. പണമിടപാടിന് ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കൂടാതെ വ്യാജരേഖ വച്ച് ഭൂമി ജോളിയുടെ പേരിലാക്കാന്‍ സഹായിച്ചത് ലീഗ് നേതാവാണെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നു, പുറത്തു പറഞ്ഞാല്‍ ജോളി തന്നെയും വധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു, അതിനാലാണ് ഇക്കാര്യം പറയാതിരുന്നതെന്നും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു അന്വേഷണസംഘത്തോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ