സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; പ്രധാനമന്ത്രിക്ക് തരൂരിന്റെ കത്ത്

ഡല്‍ഹി: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള അമ്പതോളം സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത സംഭവം പ്രതിഷേധാര്‍ഹമെന്ന് ശശി തരൂര്‍ എംപി. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തരൂര്‍ കത്തയക്കുകയും ചെയ്തു.

വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതാണെന്ന് തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക നായകര്‍ക്കെതിരേ കേസെടുത്ത നടപടി തെറ്റാണെന്നും മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാംബനഗല്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണസെന്‍, രേവതി തുടങ്ങി അന്‍പത് പ്രമുഖര്‍ക്കെതിരെയാണ് ബീഹാര്‍ മുസഫര്‍പൂരിലെ സദര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരിക്കുന്നത്.

ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന ചോദ്യം കത്തില്‍ ഉന്നയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ