വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചു; നേപ്പാളിലെ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അറസ്റ്റില്‍

കാഠ്മണ്ഡു: നിയമസഭയിലെ വനിതാ ജീവനക്കാരിയുടെ പരാതിയിയില്‍ നേപ്പാളിലെ മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹറ പീഡനക്കേസില്‍ അറസ്റ്റില്‍.

കഴിഞ്ഞ ആഴ്ചയാണ് മഹറയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.നേപ്പാളിലെ ഹംറാക്കുറ.കോം എന്ന ന്യൂസ് വെബ്‌സൈറ്റാണ് യുവതിയുമായുള്ള വീഡിയോ ഇന്റര്‍വ്യൂ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് മുന്‍ സ്പീക്കര്‍ക്കെതിരെ യുവതി ഉന്നയിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയ മഹറ മദ്യം നല്‍കിയശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ മഹറ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

യുവതിയുടെ കൈകളിലും കാലുകളിലുമേറ്റ പരിക്കുകളുടെ ദൃശ്യങ്ങളടക്കം മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എന്നാല്‍ യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വാദിച്ച് മഹറ രംഗത്തെത്തിയെങ്കിലും സമ്മര്‍ദ്ദം ശക്തമായതോടെ സ്പീക്കര്‍ സ്ഥാനം ഒഴിയേണ്ടിവന്നു.

യുവതിയുടെ വീട്ടില്‍ നിന്നും മദ്യക്കുപ്പികളും മഹറയുടേതെന്ന് കരുതുന്ന പൊട്ടിയ കണ്ണടകളും പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് മഹറയെ അറസ്റ്റ് ചെയ്തത്.