ഒരു സാക്ഷി പോലും ഇല്ല, ആശ്രയം സാഹചര്യത്തെളിവുകള്‍; പൊലീസിന് മുമ്പില്‍ വന്‍ വെല്ലുവിളി

തിരുവനന്തപുരം: കൂടത്തായി കൊലപാതകങ്ങളില്‍ പൊലീസ് നേരിടുന്നത് വന്‍ വെല്ലുവിളി. സാക്ഷികളില്ലെന്നതിനാല്‍ സാഹചര്യത്തെളിവുകളെ കൂടുതല്‍ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ പൊലീസിനു മുമ്പിലുള്ളത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പഴുതടച്ച് നീങ്ങിയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടി കിട്ടാനുള്ള സാദ്ധ്യതയും ഏറെയാണ്. വിശദാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം വിപുലീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേസ് വെല്ലുവിളി നിറഞ്ഞതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറ‍ഞ്ഞു. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. പൊട്ടാസ്യം സയനൈഡിന്റെ അംശം മൃതദേഹങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്വേഷണസംഘം വിപുലീകരിക്കും. കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. ഓരോ കേസിലും പ്രത്യേകം എഫ്.ഐ.ആറുകൾ ഇടുകയാണ് ഉത്തമമെന്നും കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എസ്.പി സൈമൺ മികച്ച രീതിയിലാണ് കേസ് അന്വേഷിക്കുന്നത്.

ഫൊറൻസിക് തെളിവുകൾ കണ്ടെത്തൽ വെല്ലുവിളിയാണ്. വേണ്ടിവന്നാൽ വിദേശത്തേക്ക് പരിശോധനയ്ക്കയക്കും. കാലപ്പഴക്കവും സാക്ഷികളില്ലാത്തതും ഉയർത്തുന്ന വെല്ലുവിളി മറികടക്കണം. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. വെടിവയ്പ്, കത്തിക്കുത്ത് കേസുകൾ പോലെയല്ല ഈ കേസ്. ഒരു സാക്ഷി ഇല്ല. സാഹചര്യത്തെളിവുകളെ കൂടുതൽ ആശ്രയിക്കേണ്ടി വരും. കേസുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യും. ഇനി എന്തെല്ലാം ചെയ്യണമെന്ന കൃത്യമായ രൂപരേഖ തയാറാക്കണം. കോൺഗ്രസ് പ്രാദേശിക നേതാവ് രാമകൃഷ്ണന്റെ മരണവും അന്വേഷിക്കുമെന്ന് ബെഹ്റ മാദ്ധ്യമങ്ങളോടു പറഞ്ഞു.മരിച്ചവരുടെ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചതായും ഡി.ജി.പി വ്യക്തമാക്കി.