കൂടത്തായി കൊലപാതക പരമ്പര; ജോളി കൂടുതല്‍ പേരെ വകവരുത്തിയതായി സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് കൂടുതൽ പേരെ കൊലപ്പെടുത്തിയതായി സൂചന. പൊന്നാമറ്റം കുടുംബത്തിലെ ആറുപേരെ കൂടാതെ രണ്ട് മരണത്തിൽ കൂടി പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കോഴിക്കോട് എൻ.ഐ.ടിക്കടുത്തുള്ള മണ്ണിലേതിൽ വീട്ടിൽ രാമകൃഷ്ണൻ, ജോളിയുടെ അയൽവാസി ഇലക്ട്രീഷ്യൻ ബിച്ചുണ്ണി എന്നിവരുടെ മരണത്തിലെ ജോളിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ ജോളിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നവരുടെ മരണങ്ങളും പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.
ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി മകന്‍ രോഹിത്തിന്റെ മൊഴിയെടുത്തു. ജോളിക്കും എന്‍.ഐ.ടിക്ക് അടുത്ത് ബ്യൂട്ടിപാർലർ നടത്തുന്ന സുലേഖ എന്ന സ്ത്രീക്കും രാമകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. പണം തട്ടിയെന്ന രോഹിത്തിന്റെ പരാതിയിൽ ജോളിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയെന്നാണ് സൂചന. 2008-ലാണ് സ്വത്ത് വിറ്റ പണം നഷ്ടമായതെന്ന് രോഹിത് ആരോപിക്കുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവായ രാമകൃഷണൻ 2016 മെയ് 17-നാണ് മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം. അന്ന് രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണൻ വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വായിൽ നിന്ന് നുരയും പതയും വന്ന് രാമകൃഷ്ണൻ മരണപ്പെടുകയായിരുന്നു. രാവിലെ എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്ന ജോളി രാമകൃഷ്ണന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള വലിയപൊയിൽ എന്ന സ്ഥലത്തെ ബ്യൂട്ടി പാർലറിലായിരുന്നു തങ്ങിയിരുന്നത്.അമ്പലകണ്ടി സ്വദേശി മജീദിന്റെ ഭാര്യ സുലേഖയായിരുന്നു ഈ ബ്യൂട്ടി പാർലർ നടത്തിയിരുന്നത്. മജീദും രാമകൃഷ്ണനും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പല സ്ഥല ഇടപാടുകളും ഇവർ ഒരുമിച്ച് നടത്തിയിരുന്നതായും സൂചനയുണ്ട്. 2008ൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ സ്ഥലം 55 ലക്ഷം രൂപയ്ക്ക് കൊടുവള്ളിയിലെ ഒരു ട്രസ്റ്റിന് വിൽപ്പന നടത്തിയിരുന്നു. ഈ പണം രാമകൃഷ്ണന് ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ജോളിയുടെ അയൽവാസിയായ ബിച്ചുണ്ണി 2018 ലാണ് മരിച്ചത്. ബിച്ചുണ്ണിയുടെ സൃഹൃത്തുക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ഈ മരണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. അന്വേഷണ പുരോ​ഗതി വിലയിരുത്താൻ ഇന്ന് രാവിലെ റൂറൽ എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ വടകരയിൽ യോ​ഗം ചേർന്നു. റിമാന്റിലുള്ള ജോളി, എം.എസ് മാത്യൂസ്, പ്രജിൻകുമാർ എന്നിവരെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം തീരുമാനിച്ചു.