രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് റിപ്പോർട്ട്. ഭാവിയിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യവുമായിരിക്കും രാജ്യം നേരിടേണ്ടിവരികയെന്ന മുന്നറിയിപ്പ് ആർ.ബി.ഐ പുറത്തുവിട്ട ധന അവലോകന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും മാന്ദ്യം കടുക്കാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ ആർ.ബി.ഐ വ്യക്തമാക്കി. 2018-19സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആരംഭിച്ച മാന്ദ്യം 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഏതാനും പാദവർഷങ്ങളിൽ സാമ്പത്തിക വളർച്ച പിന്നോട്ടടിച്ചതോടെ മൊത്തം വിൽപന മേഖലെയയും ഇത് ബാധിച്ചു. ഇത് ഭാവിയിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യം വിലയിരുത്തുേമ്പാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന വാഹന വിപണിയുടെയും റിയൽ എസ്റ്റേറ്റ് മേഖലയുടെയും പ്രവർത്തനം തൃപ്തികരമല്ല. ബാങ്കുകളുടെ വായ്പ വിതരണത്തിലും വലിയ കുറവുണ്ട്.ഇത് വാണിജ്യമേഖലയിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെയും പ്രതികൂലമായി ബാധിച്ചു. അന്താരാഷ്ട്ര പ്രശ്നങ്ങള്‍ രാജ്യത്തേക്കുള്ള നിക്ഷേപങ്ങളെ ദുര്‍ബലമാക്കി.വാണിജ്യ പ്രതിസന്ധി വര്‍ദ്ധിക്കുന്നതോടെ കയറ്റുമതി ഇടിയുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.