ജോളിക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍; അവയെവിടെ? കാണാനില്ലെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ഉള്ളത് മൂന്ന് മൊബൈല്‍ ഫോണുകള്‍. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പു വരെ ജോളി നിരന്തരം പലരെയും വിളിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ഫോണുകള്‍ ഇപ്പോള്‍ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് ഷാജു പറയുന്നത്. ഇത് തന്റെ കൈയിലില്ലെന്നും അദ്ദേഹം പറയുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പു വരെ ഇത് ഉപയോഗിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളുടെ കൈയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിനിടെ, കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അറസ്റ്റിലാവുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും തിരുപ്പൂരില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണിനെയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സി.പി.എം, കോണ്‍ഗ്രസ്, മുസ് ലിംലീഗ് നേതാക്കളേയും ചോദ്യം ചെയ്യും. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇവരില്‍ പലരുടെയും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൊബൈല്‍ നിര്‍ണായക തെളിവ്

സാക്ഷികളില്ലാത്ത കേസില്‍ ജോളിയുടെ മൊബൈല്‍ നിര്‍ണായക തെളിവാകുമെന്നാണ് കരുതപ്പെടുന്നത്. ഇതടക്കം കണ്ടെത്താനാണ് അന്വേഷണ സംഘം ഷാജുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഫോണ്‍ എവിടെ എന്ന് ക്രൈംബ്രാഞ്ച് സംഘം ഷാജു ഉള്‍പ്പെടെയുള്ള കുടുംബംഗങ്ങളോട് ചോദിച്ചെങ്കിലും അറിയില്ലെന്നും പൊന്നാമറ്റം വീട്ടില്‍ കാണുമെന്നാണ് ഷാജു മറുപടി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ