ശബരിമല ;നിയമ നിർമ്മാണത്തിൽ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം

കിട്ടിയ ഏറ്റവും വലിയ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് പറ്റിയത് ചരിത്രപരമായ മണ്ടത്തരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാത്രമല്ല , ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് അകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതും കാവിപ്പടയെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ബി.ജെ.പി കേന്ദ്രങ്ങള്‍ ഹാപ്പിയല്ല. ഒരു സീറ്റിലെങ്കിലും വിജയിച്ചാല്‍ മതിയെന്നതില്‍ നിന്നും മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും രണ്ടാം സ്ഥാനമെങ്കിലും നഷ്ടമാകരുതെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍.

കോന്നിയില്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചാല്‍ മൂന്ന് മുന്നണികളും ഏകദേശം ഒപ്പത്തിനൊപ്പമാണ്. ഇവിടെ വീണ്ടും സുരേന്ദ്രനെ രംഗത്തിറക്കിയതില്‍ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെങ്കിലും ശബരിമല വിഷയം തിരിച്ചടിക്കുമോ എന്ന ഭയം ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബി.ജെ.പിയില്‍ ഉണ്ടായ ഭിന്നത ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആര്‍.എസ്.എസ് ശക്തമായി രംഗത്തിറങ്ങാത്തതാണ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ പ്രഖ്യാപിക്കുകയും പിന്നീട് സീറ്റ് നിഷേധിച്ചതിക്കപ്പെട്ടതുമാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മത്സരിക്കാന്‍ ഇല്ലന്ന് പലവട്ടം പറഞ്ഞ കുമ്മനത്തെ അപമാനിക്കുന്ന നിലപാടായി പോയി ഇതെന്നാണ് സംഘം പ്രവര്‍ത്തകരുടെ വികാരം. എന്നാല്‍ അണികളുടെ ഈ പ്രതിഷേധം തണുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി എസ് .സുരേഷിനു വേണ്ടി മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നത് കുമ്മനം തന്നെയാണ്. ഈ നീക്കം എത്രമാത്രം ഗുണം ചെയ്യുമെന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനും കുമ്മനവും തമ്മില്‍ കൊമ്പ് കോര്‍ത്തത് പാര്‍ട്ടി അണികളെ ഒറ്റക്കെട്ടാക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരന് ലഭിച്ച നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ സുരേഷിന് ലഭിക്കുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകരും സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.

നായര്‍ സമുദായംഗങ്ങള്‍ നിര്‍ണ്ണായക ഘടകമായ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് ഈ പിന്തുണയില്‍ മാത്രമാണ് വിജയം പ്രതീക്ഷിക്കുന്നത്. മേയര്‍ വി.കെ പ്രശാന്തിനെ രംഗത്തിറക്കിയ സി.പി.എം ആകട്ടെ പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും മത്സരിക്കുന്നതെന്നാണ് സി.പി.എം അണികളിപ്പോള്‍ പരിഹസിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല മഞ്ചേശ്വരത്തും പ്രചരണത്തില്‍ മുന്നേറാന്‍ സി.പി.എമ്മിനു കഴിഞ്ഞിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും ശക്തമായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത് വഴി ജയത്തില്‍ കുറഞ്ഞതൊന്നും ചെമ്പട പ്രതീക്ഷിക്കുന്നുമില്ല.

കോന്നിയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയെങ്കിലും പഴയ ആവേശമുണ്ടാക്കാന്‍ ബിജെപിക്കും കഴിഞ്ഞിട്ടില്ല. ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലത്തില്‍ ഈ വിഷയം തന്നെയാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും പ്രധാന ആയുധമാക്കുന്നത്. ശബരിമല വിഷയത്തില്‍ കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ ബി.ജെ.പി ഇത്തവണ പക്ഷേ വലിയ പ്രതിരോധത്തിലാണ്.

സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുന്നില്ല എന്നതാണ് സി.പി.എം നേതൃത്വം ചോദിക്കുന്നത്. കേന്ദ്രത്തില്‍ രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്. ഈ വാക്കുകള്‍ തന്നെയാണിപ്പോള്‍ അവരെ തിരിഞ്ഞ് കുത്തിയിരിക്കുന്നത്.

ഈ വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ഇടതുപക്ഷവും കോണ്‍ഗ്രസ്സും ശരിക്കും ഉപയോഗിക്കുന്നുണ്ട്. ‘നിയമനിര്‍മാണം നടത്താന്‍ തല്‍ക്കാലം കഴിയില്ലന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമാണ്’ കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നത്.

കേന്ദ്രത്തിന്റെ ഈ നിലപാട് പിന്നീട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആവര്‍ത്തിച്ചതും സംഘപരിവാറിന് വലിയ പ്രഹരമായിട്ടുണ്ട്. പരാമര്‍ശം വിവാദമായതോടെ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലന്ന വാദവുമായാണ് ശ്രീധരന്‍പിള്ള ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം വേണമെന്ന് തന്നെയാണ് ബി.ജെ.പിയുടെ നിലപാടെന്നാണ് പിള്ള ഇപ്പോള്‍ പറയുന്നത്.

ആചാര സംരക്ഷണത്തിനായി നിയമനിര്‍മ്മാണ ആവശ്യം വീണ്ടും ബി.ജെ.പി ഉന്നയിച്ചതോടെ ഇതു സംബന്ധമായ ചര്‍ച്ചകളും നിലവില്‍ സജീവമായിട്ടുണ്ട്. എന്ത് കൊണ്ടാണ് പിന്നെ നിയമനിര്‍മ്മാണം നടത്താത്തതിരിക്കുന്നത് എന്നാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും ചോദിക്കുന്നത്. സംസ്ഥാനം നിയമനിര്‍മ്മാണം നടത്താത്തതിനെതിരെ കലാപം അഴിച്ച് വിട്ടവരുടെ തനി നിറമാണ് ഇവിടെ പ്രകടമാകുന്നതെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

യഥാര്‍ത്ഥത്തില്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് ഒന്നും ചെയ്യാനില്ലന്നതാണ് യാഥാര്‍ത്ഥ്യം. സുപ്രീം കോടതി തന്നെ മൗലികാവകാശമാണെന്ന് വിധിച്ച കാര്യത്തില്‍ നിയമ നിര്‍മ്മാണം അസാധ്യമാണെന്ന് അറിയാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 മാത്രം വായിച്ചാല്‍ മതിയാകും. ഭരണഘടന ഭേദഗതി എന്തുകൊണ്ട് സാധ്യമല്ലന്ന് അറിയണമെങ്കില്‍ കേശവാനന്ദ ഭാരതി കേസിലെ വിധിയും പരിശോധിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ 14 അടിസ്ഥാന ശിലയാണെന്ന സുപ്രീം കോടതി വിധികളും അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള വായിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതാവ് രാംമാധവിന് ഉള്ള ഉള്‍കാഴ്ച പോലും ശ്രീധരന്‍ പിള്ളക്ക് നഷ്ടമായത് ഖേദകരമാണ്. ഇവിടെ സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ച വ്യത്യസ്ത സമീപനമാണ് അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നത്.

സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്നതിനാണ് ബിജെപിയും മുന്‍ഗണന കൊടുക്കേണ്ടിയിരുന്നത്. പുന:പരിശോധന ഹര്‍ജി കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യമാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നത്. അതല്ലാതെ, നടത്താന്‍ കഴിയാത്ത നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞതാണ് ഇപ്പോള്‍ അബദ്ധമാിയിരിക്കുന്നത്. അതു കൊണ്ടാണ് ബി.ജെ.പിയുടെ ഉദ്യശ ശുദ്ധിയും പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.

ശബരിമല പ്രക്ഷോഭത്തിലും അയ്യപ്പ ജ്യോതിയിലും സഹകരിച്ച എന്‍.എസ്.എസ് പോലും കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത് നിസാരമായി ഒരിക്കലും കാണരുത്. വാക്കിനും പ്രവര്‍ത്തിക്കും വില കല്‍പ്പിക്കാത്ത മേഖലയാണ് രാഷ്ട്രിയമെന്ന തോന്നല്‍ വീണ്ടും വീണ്ടും പൊതു സമൂഹത്തില്‍ ഉണ്ടാക്കുന്നത് ഏത് പാര്‍ട്ടിയായാലും അത് നല്ലതല്ല. പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ക്കാന്‍ എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം എന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് മനുഷ്യനും അവന്റെ കഷ്ടപ്പാടുകളും കഴിഞ്ഞേ വിശ്വാസവും ആചാരവുമെല്ലാം പരിഗണനയില്‍ വരികയുള്ളു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം അതാണ് കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നയം.

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ നിയമ നിര്‍മാണം സാധ്യമല്ലന്ന കേരള സര്‍ക്കാറിന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെയും നിലപാട്. അതല്ലങ്കില്‍ പല വിവാദ വിഷയങ്ങളിലും എതിര്‍പ്പുകള്‍ അവഗണിച്ച് ഓര്‍ഡിനന്‍സ് കൊണ്ടു വന്നവര്‍ക്ക് ഇതും ചെയ്യാമായിരുന്നു.

രാജ്യത്തെ നിയമപരമായ പരിമിതികള്‍ മനസ്സിലാക്കി വേണമായിരുന്നു സംഘപരിവാര്‍ , വിശ്വാസികള്‍ക്ക് ഉറപ്പ് കൊടുക്കാന്‍. ഇക്കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പറ്റിയത് വലിയ പാളിച്ചയാണ്. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശക്തി കേന്ദ്രങ്ങളില്‍ പോലും കാവിപ്പട ഇപ്പോള്‍ വിയര്‍ക്കുന്നത്.